Posts

Showing posts from 2010

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

Image
എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല്‍ വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയ കവിതയില്ലാക്കാലത്തിലാണ് . ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടിക തിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തല തല്ലാതെ , നിലവിളിക്കാതെ , യാത്ര പറയാതെ പിരിഞ്ഞുപോയി . ഉള്ളില്‍ ഒന്നുമില്ലെങ്കിലും ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍ വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ , തീക്കനല്‍ മഴപോലെ , ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന്‍ മര

ക്വട്ടേഷന്‍

കുല്സൂമ്മാ ..... നിന്റെയാട്ടിന്കുട്ടി എന്റെ ആസ്റ്റെര്‍ ചെടികളെ കടിച്ചു മുറിച്ച ദേഷ്യത്തിലാണ് നിന്നെ ഞാന്‍ പ്രണയിക്കില്ലെന്ന് പറഞ്ഞത് . ആട്ടിന്‍കുട്ടിയെ അറവുകാരന് വില്‍ക്കുന്നതിനു മുന്‍പ് ഒന്ന് നീ മറക്കരുതായിരുന്നു ; ആസ്റ്റെര്‍ പൂക്കളേക്കാള്‍ നിറമുള്ള പുല്‍മേടുകളില്‍ ആടിന്റെ പേരില്‍ മാത്രം വീട്ടില്‍ നിന്നിറങ്ങിയ പ്രണയകാലങ്ങള്‍ .

മണ്ണൊലിച്ചുപോയ മയ്യഴി

Image
'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ" കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം. വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളും പുതുപ്പിറവികളും രക്തത്തില്‍ ചാലിച്ച് യുവ ഞരമ്പുകളിലേക്കാവാഹിച്ച എം.മുകുന്ദന്‍ അന്നെഴുതിയത് വെറും നോവലായിരുന്നില്ല, കണ്ണൂരിന്റെ ചരിത്രത്തില്‍ കാണുന്ന ഫ്രഞ്ചുകാരും കാണാത്ത മനുഷ്യരും ഒരുമിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു. ദാസനും പപ്പനും കുഞ്ഞനന്തന്‍ മാഷും പറഞ്ഞത് ഒരു നാടിന്റെ സ്വാതന്ത്യത്തെക്കുറിച്ച് മാത്രം. കമ്മ്യൂണിസം എന്ന ഹ്യൂമാനിസത്തെക്കുറിച്ച് കാണാന്‍ നമ്മളില്ലെങ്കിലും നാട്ടില്‍ സമാധാനം വരണം, സ്വാതന്ത്യം കിട്ടണം എന്ന്

'ഴ'

അഴകേ വാക്കുകളില്ല പറയാന്‍ നീ നടന്നകന്ന കാലം മുതല്‍ . കുംബാരന്റെ കുഴയിലൊരു വഴുവഴുപ്പില്ലായ്മ കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ. മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ കാതിലൊരു മുഴക്കമാണ്‌ എപ്പോഴും. കാഴ്ചയിലും എന്തോ മിഴിഭ്രംശം പ്രണയമൊഴുകിയ വഴികളില്‍ കൊഴിഞ്ഞ ഒരു പീലിപോലുമില്ല. പാഴ്ചെടികള്‍ പറമ്പില്‍ക്കയറി ആഴ്ചകള്‍ കഴിഞ്ഞു പോഴന്‍ കുമാരന്‍ തിരിഞ്ഞു നോക്കുന്നില്ല ഷാപ്പില്‍ കഴിപ്പും കിടപ്പും; കഴുവേറി. കുഴപ്പം പിടിച്ച കണക്കുകള്‍ ചെയ്തെന്റെ മകന്‍ തളര്‍ന്നുറങ്ങുമ്പോള്‍ തകഴിയെ സ്വപ്നത്തില്‍ കണ്ടത്രെ അഴകിന്റെ ചിരിയാണ് പോലും കയറിന്റെ പിരിപോലുള്ള ഇഴപിരിയാത്ത ചിരി മഴ വരുമോ അമ്മേ? പുഴയില്‍ തുണിയലക്കാന്‍ പോകാം?

ചോര്‍ച്ച

ഒരു മഴ ഒരു ചിരി ഒരു പ്രണയം എല്ലാം പെട്ടെന്നാരുന്നു മഴ തോര്‍ന്നു ചിരി മാഞ്ഞു പ്രണയം പെയ്തു ചോര്‍ന്ന്‍ അകായിയിലെ അലുമിനിയം പാത്രത്തില്‍ ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു .

പ്രണയകാലം

നീയെന്റെ പ്രാണനാണ്‌ പക്ഷെ നീ പോയിട്ടുമെന്തേ പ്രാണന്‍ നിലച്ചില്ലാ ?? നീയെന്റെ പ്രാണന്‍ അല്ലായിരുന്നിരിക്കാം . പ്രിയപ്പെട്ടവളെ നിനക്ക് ഞാനെന്റെ ഹൃദയം തന്നിരിക്കുന്നു ; പ്രണയം പൊള്ളി പനിക്കുന്നോരെന്‍ ഹൃദയം മഴത്തുള്ളികള്‍ തളിരിലകളിലൂടെയിറങ്ങി പുഴയാകുന്നത് കണ്ടപ്പോള്‍ ഹൃദയം ഒന്നിളകി , പുളകം പ്രളയമായി . അപ്പോളന്നു ഞാന്‍ ഹൃദയം തന്നില്ലായിരിക്കാം , ഭാഗ്യം . പഴയവള്‍ പാപിയാണ് സ്നേഹമില്ലാത്തവള്‍ നീയാണെന്‍ ഉണ്മൈ കാതലി , നിന്റെ മുത്തങ്ങള്‍ മരണം വരെ മറക്കില്ല എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞതിന പിറകെ പഴയവള്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു തുടച്ചെന്‍ കണ്ണീരും നിന്‍ മുത്തത്തിന്‍ വടിവുകളും മനസ്സറിയാതെ വാക്കുകള്‍ വഴുതിപ്പോയ് പഴയവളെ , നീയാണെന്‍ മഴക്കാലം മറ്റവള്‍ കൊടും പാപി പ്രണയം ഉരിച്ചിട്ടിട്ടിഴഞ്ഞുപോയ് ; പാമ്പിനെപ്പോലെ .

സാമൂഹ്യപാഠം

വിപ്ലവം ഏതോ തോക്കിന്കുഴലില്‍ ഒച്ചയടച്ചുപോയോരീ കെട്ടകാലത്ത്‌ പിറക്കുമോ ഒരു പുത്രനെങ്ങിലും രക്തസാക്ഷിയാകാന്‍ ; വെറുതെ ? കൊടുകാമൊരു കൊട്ടേഷന്‍ പത്രത്തിലെന്നും തര്‍ക്കുത്തരം പറയുന്ന പരിഷയ്ക്ക് , തടിയൂരാം പതുക്കെ മാധ്യമ സൃഷ്ടിയെന്നുരിയാടി . വേണേല്‍ പടാമല്‍പ്പം പുലയാട്ടും , കൊടുമയെന്നു പറയും ജനം അല്‍പനേരം , പിന്നെയുമടയുമൊച്ച ; വാചകവീരനെ വിടാം മറുപടി മറുഭാഷയിലാക്കാം മനസ്സിലാകരുത്‌ മുഖ്യനുപോലും തിരുത്തല്‍ രേഖയില്‍ എല്ലാം തിരുത്താം കുരുതക്കേടെന്നു തോന്നാത്തവിധം . വേണേല്‍ വിളിക്കമൊരു ഇങ്ക്വിലാബ് അട്ടത്തില്‍ കെട്ടിത്തൂങ്ങിയ സിലിഗുരിക്കാരന്‍ വൃദ്ധവിപ്ലവം സന്യാലിനും അവരല്ലേ നമുക്കീ റിയല്‍ എസ്റ്റേറ്റ്‌ കാടുകള്‍ പതിച്ചുതന്നത് . രക്തസാക്ഷികള്‍ അമരന്മാര്‍ അമരന്മാരവര്‍ ധീരന്മാര്‍ അവരാനവരുടെ ചേതനയാണേ ചര്മ്മക്കട്ടി ക്വാളിറ്റി ...

മണ്ണിര കമ്പോസ്റ്റ്

പാടം പകുത്തിട്ട വഴിക്കണക്കുകള്‍ വീടിന്റെ ഉത്തരം മുട്ടിയപ്പോഴാണ്‌ കെട്ടുതാലി വില്‍ക്കാന്‍ നിന്റെ കഴുത്തില്‍ പിടിച്ചത്. പലിശക്കാരന്റെ മുറുക്കിച്ചുവപ്പിച്ച പുലഭ്യം നിറഞ്ഞ മണ്‍ചട്ടിയില്‍ പ്രണയം തിളപ്പിയ്ക്കാന്‍ വെള്ളമില്ലാതായപ്പോഴാണ് നിന്റെ ഹൃദയം കുഴിച്ചു ഞാന്‍ ഉറവ വറ്റിച്ചത്. നാളെ പുലരുമ്പോള്‍, അയല്‍ക്കൂട്ടം വന്നുനിന്‍ ചിരിയുടയ്ക്കും പച്ചക്കതിരുകള്‍ ചായം മുക്കിയ എന്റെ പ്രതിമയില്‍ കാര്‍ക്കിച്ചു തുപ്പും നിന്റെ കവിളിലൂടെ പ്രണയത്തിന്റെ അവസാന തുള്ളിയും ചോര്‍ന്നുപോകും മുന്‍പ് വിട വയ്യെനിക്ക്‌ പറയാന്‍ ഞാന്‍ കുഴിച്ച മണ്ണിരക്കുഴിയിലെ വഴുവഴുത്ത പഴുതുകള്‍, പൊറുക്കുക.

അവസാനത്തെ അത്താഴം

ആകാശം മേല്‍ക്കൂരയും പാടവരമ്പുകള്‍ ചുമരുകളും പതിനായിരം മഴത്തുള്ളികള്‍ ഒരുമിച്ചു പെയ്തിറങ്ങുന്ന നെല്‍മണികള്‍ വിളഞ്ഞുനില്‍ക്കുന്ന തണുപ്പുള്ള ചതിപ്പായിരുന്നു എന്റെ വീട്. ഒരിക്കലും നടന്നകലാന്‍ കഴിയാത്ത ചേറിന്‍ പിടിച്ചുവലികളില്‍നിന്നും നിന്നിലേക്ക്‌ വന്നപ്പോള്‍ കാടുപിടിച്ച മുടിയില്‍ മുറുകെപ്പിടിച്ചു നെഞ്ചോടമര്‍ത്തി നീയെന്നെ പ്രണയിച്ചു. ഇരുമ്പും കല്ലുമുള്ള മേല്‍ക്കൂരയും ചായം കൊടുത്ത കല്ലുകള്‍ പാകിയ നടവഴിയുമുള്ള നിന്റെ വീടുകണ്ടപ്പോള്‍ നെഞ്ചൊന്നു പിടച്ചു. ജനലില്‍ തൂക്കിയിട്ട നിന്റെ ഈറന്‍ തുണികള്‍ കണ്ടപ്പോള്‍ ആശ്വസിച്ചു ; ചെങ്കല്‍ ചുമരുകള്‍ക്കു തീര്‍ച്ചയായും നിന്റെ മണമുണ്ടാകും. ഒടുവില്‍ പിറകിലെ ചായ്പ്പിലിരുത്തി ചോറും പലഹാരങ്ങളും തന്നു നീയെന്നെ പ്രണയിച്ചു; തോട്ടുകൂടാത്ത പ്രണയം. തുളുംബിയ കണ്ണുകള്‍ തുടക്കാതെ തിരിച്ചു നടക്കുമ്പോള്‍ മഴവില്ലായിരുന്നു കണ്ണുകളില്‍ പാടത്തും പറമ്പിലുമൊക്കെ മഴവില്ലുകള്‍.

‘യു മാരി മൈ മദര്‍’

Image
മാലദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടാല്‍ തോന്നും നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപ് അല്ലെങ്കില്‍ രാജ്യം. കാര്യം ശരിയാണെങ്കിലും ഈ രാജ്യത്തിന് ഭൂമിശാസ്ത്രപരമായി ഒരു പാട് പ്രത്യേകതകളുണ്ട്. ഇന്ത്യയ്ക്ക് തെക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് സമൂഹത്തിന് തൊട്ടുതാഴെ ഒരു മാലപോലെ സ്ഥിതിചെയ്യുന്ന ആയിരത്തി തൊള്ളായിരത്തില്‍ പരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ചെറുരാജ്യം. ഇതില്‍ വെറും ഇരുനൂറ് ദ്വീപുകളിലേ ആള്‍ത്താമസമുള്ളുവെങ്കിലും മറ്റ് പലദ്വീപുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ്. ടൂറിസവും മീന്‍പിടുത്തവും മുഖ്യവരുമാനമാര്‍ഗ്ഗവുമായുള്ള, പവിഴപുറ്റുകള്‍ വളര്‍ന്നുണ്ടായ രാജ്യമാണ് നാം ‘മാലി’ എന്ന് വിളിക്കുന്ന മാലദ്വീപ്. മൊബൈല്‍ ഫോണ്‍ നിലവില്‍ വരുന്നതിനു മുമ്പ് വരെ അയല്‍ദ്വീപുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ ഓരോ ദ്വീപിലും ജനങ്ങള്‍ മീന്‍പിടിച്ചും മറ്റും ഒറ്റപ്പെട്ട് ജീവിതം നയിച്ചുപോന്നു. ഈ ചെറുരാജ്യത്ത് ആയിരക്കണക്കിന് വരുന്ന മറുനാട്ടുകാരായ അധ്യാപകരിലൊരുവനാണ് ഞാന്‍. ഭരണയന്ത്രവും മറിയം റഷീദയുമടങ്ങുന്ന മാലി ('Male') തലസ്ഥാനത്തിനു വെറും 1.8 ചതുരശ്ര കിലോമീറ്റര്‍ ച

പ്രണയം, നൈരാശ്യം, പ്രവാസം

Image
"Love is an adult emotion some of us never grow up some of us never reach adulthood" ശശിദേശ് പാണ്ഡെയുടെ എവിടെയോ വായിച്ച വരികളാണിവ. പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ബിരുദ വിദ്യാര്‍ത്ഥിക്ക് പ്രീ ഡിഗ്രിക്കാരിയോളം പോലും പ്രണയവികാരം വളര്‍ന്നിരുന്നില്ല എന്ന് പറയുന്നതാണ് ശരി. എല്ലാം വൈകിയായിരുന്നു എന്നിലേക്കെത്തിയിരുന്നത്. കൌമാരയൌവ്വനങ്ങളുടെ സിംഹഭാഗവും ബാല്യം അപഹരിച്ചു എന്ന് തോന്നിയിട്ടുണ്ട്. നഷ്ടബോധം കണ്ണിലൂടെ നെഞ്ചിലൂടെ പെയ്തിറങ്ങിയിട്ടുണ്ട്, യൌവ്വനം വൈകിയെത്തിയകാലത്ത്. ഇപ്പോള്‍, നടുക്കടലില്‍ വീണ്ടും ഞാന്‍ വേദനയുടെ കേറിയാല്‍ ത

നരയ്ക്കുന്ന പൂമ്പാറ്റകള്‍

പ്രണയം പൂമ്പാറ്റചിറകുപോലെ എത്ര ഓര്‍ത്താലും കിട്ടാത്ത ചിത്രങ്ങള്‍,നിറങ്ങള്‍.... കാണുമ്പോള്‍ എല്ലാം സുന്ദരം സുവ്യക്തം കാണാതിരിക്കുമ്പോള്‍ നിറങ്ങളും വരകളും മങ്ങി ശലഭം എന്ന ഓര്‍മ്മ മാത്രം. കണ്ടില്ലല്ലോ എന്ന വേദനയും. ശലഭങ്ങള്‍ കൊണ്ടുനിറച്ച വീടെനിക്ക് വേണ്ട. ഒന്നോ രണ്ടോ പൂമ്പാറ്റ ചുമരില്‍ പതിക്കാം; അതാണ്‌ ചന്തം. ചുമരില്ലാത്ത വീടാണെങ്കില്‍ അവരെന്റെ ഹൃദയഭിത്തികളില്‍ തൂങ്ങിക്കിടക്കട്ടെ....

പരാജിതന്‍

തിരിച്ചു ദ്വീപിലേക്ക് നടക്കുന്നു പച്ച ഒലിച്ചുപോയ കാടിന്റെ മുറിപ്പാടിലൂടെ നടന്നു ഞാന്‍ സമുദ്രത്തിലെത്തി; ഇന്ത്യന്‍ മഹാസമുദ്രം. കന്നീരുപ്പിന്റെ തിരകളെ പുണരാന്‍ പ്രോഗ്രാം ചെയ്ത ദൈവങ്ങളെ വിളിക്കാതെ ഒറ്റയ്ക്ക് ഒരു നടത്തം. തിരിഞ്ഞു നോക്കിയില്ല, നോക്കില്ല. പെരുംകുളവും ആല്‍ത്തറയും തിരികെ വിളിക്കും ചന്തപ്പുരയും കോട്ടമൈതാനവും മഴനൂല്‍കൊണ്ട് ആഞ്ഞുവലിക്കും പ്രണയിച്ചു പ്രണയിച്ചു പ്രണയം നിലച്ചവളെ നീയാണെന്റെ ശക്തി, എന്റെയാശ്രയം നിന്റെ നിസ്സംഗമായ ചിരി എന്റെ നടത്തത്തിനു വേഗം തരുന്നു; ഒടുക്കത്തെ വേഗം.