Posts

Showing posts from March, 2010

അവസാനത്തെ അത്താഴം

ആകാശം മേല്‍ക്കൂരയും പാടവരമ്പുകള്‍ ചുമരുകളും പതിനായിരം മഴത്തുള്ളികള്‍ ഒരുമിച്ചു പെയ്തിറങ്ങുന്ന നെല്‍മണികള്‍ വിളഞ്ഞുനില്‍ക്കുന്ന തണുപ്പുള്ള ചതിപ്പായിരുന്നു എന്റെ വീട്. ഒരിക്കലും നടന്നകലാന്‍ കഴിയാത്ത ചേറിന്‍ പിടിച്ചുവലികളില്‍നിന്നും നിന്നിലേക്ക്‌ വന്നപ്പോള്‍ കാടുപിടിച്ച മുടിയില്‍ മുറുകെപ്പിടിച്ചു നെഞ്ചോടമര്‍ത്തി നീയെന്നെ പ്രണയിച്ചു. ഇരുമ്പും കല്ലുമുള്ള മേല്‍ക്കൂരയും ചായം കൊടുത്ത കല്ലുകള്‍ പാകിയ നടവഴിയുമുള്ള നിന്റെ വീടുകണ്ടപ്പോള്‍ നെഞ്ചൊന്നു പിടച്ചു. ജനലില്‍ തൂക്കിയിട്ട നിന്റെ ഈറന്‍ തുണികള്‍ കണ്ടപ്പോള്‍ ആശ്വസിച്ചു ; ചെങ്കല്‍ ചുമരുകള്‍ക്കു തീര്‍ച്ചയായും നിന്റെ മണമുണ്ടാകും. ഒടുവില്‍ പിറകിലെ ചായ്പ്പിലിരുത്തി ചോറും പലഹാരങ്ങളും തന്നു നീയെന്നെ പ്രണയിച്ചു; തോട്ടുകൂടാത്ത പ്രണയം. തുളുംബിയ കണ്ണുകള്‍ തുടക്കാതെ തിരിച്ചു നടക്കുമ്പോള്‍ മഴവില്ലായിരുന്നു കണ്ണുകളില്‍ പാടത്തും പറമ്പിലുമൊക്കെ മഴവില്ലുകള്‍.