Posts

Showing posts from April, 2010

മണ്ണിര കമ്പോസ്റ്റ്

പാടം പകുത്തിട്ട വഴിക്കണക്കുകള്‍ വീടിന്റെ ഉത്തരം മുട്ടിയപ്പോഴാണ്‌ കെട്ടുതാലി വില്‍ക്കാന്‍ നിന്റെ കഴുത്തില്‍ പിടിച്ചത്. പലിശക്കാരന്റെ മുറുക്കിച്ചുവപ്പിച്ച പുലഭ്യം നിറഞ്ഞ മണ്‍ചട്ടിയില്‍ പ്രണയം തിളപ്പിയ്ക്കാന്‍ വെള്ളമില്ലാതായപ്പോഴാണ് നിന്റെ ഹൃദയം കുഴിച്ചു ഞാന്‍ ഉറവ വറ്റിച്ചത്. നാളെ പുലരുമ്പോള്‍, അയല്‍ക്കൂട്ടം വന്നുനിന്‍ ചിരിയുടയ്ക്കും പച്ചക്കതിരുകള്‍ ചായം മുക്കിയ എന്റെ പ്രതിമയില്‍ കാര്‍ക്കിച്ചു തുപ്പും നിന്റെ കവിളിലൂടെ പ്രണയത്തിന്റെ അവസാന തുള്ളിയും ചോര്‍ന്നുപോകും മുന്‍പ് വിട വയ്യെനിക്ക്‌ പറയാന്‍ ഞാന്‍ കുഴിച്ച മണ്ണിരക്കുഴിയിലെ വഴുവഴുത്ത പഴുതുകള്‍, പൊറുക്കുക.