Posts

Showing posts from June, 2010

'ഴ'

അഴകേ വാക്കുകളില്ല പറയാന്‍ നീ നടന്നകന്ന കാലം മുതല്‍ . കുംബാരന്റെ കുഴയിലൊരു വഴുവഴുപ്പില്ലായ്മ കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ. മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ കാതിലൊരു മുഴക്കമാണ്‌ എപ്പോഴും. കാഴ്ചയിലും എന്തോ മിഴിഭ്രംശം പ്രണയമൊഴുകിയ വഴികളില്‍ കൊഴിഞ്ഞ ഒരു പീലിപോലുമില്ല. പാഴ്ചെടികള്‍ പറമ്പില്‍ക്കയറി ആഴ്ചകള്‍ കഴിഞ്ഞു പോഴന്‍ കുമാരന്‍ തിരിഞ്ഞു നോക്കുന്നില്ല ഷാപ്പില്‍ കഴിപ്പും കിടപ്പും; കഴുവേറി. കുഴപ്പം പിടിച്ച കണക്കുകള്‍ ചെയ്തെന്റെ മകന്‍ തളര്‍ന്നുറങ്ങുമ്പോള്‍ തകഴിയെ സ്വപ്നത്തില്‍ കണ്ടത്രെ അഴകിന്റെ ചിരിയാണ് പോലും കയറിന്റെ പിരിപോലുള്ള ഇഴപിരിയാത്ത ചിരി മഴ വരുമോ അമ്മേ? പുഴയില്‍ തുണിയലക്കാന്‍ പോകാം?

ചോര്‍ച്ച

ഒരു മഴ ഒരു ചിരി ഒരു പ്രണയം എല്ലാം പെട്ടെന്നാരുന്നു മഴ തോര്‍ന്നു ചിരി മാഞ്ഞു പ്രണയം പെയ്തു ചോര്‍ന്ന്‍ അകായിയിലെ അലുമിനിയം പാത്രത്തില്‍ ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു .