Posts

Showing posts from 2011

ഞാനെത്ര ?

ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും ഓര്‍മ്മകള്‍; ഓമന സ്മരണകള്‍. രൂപമില്ല, രൂപയ്ക്കു വിലയില്ലാ നിനവുകള്‍. അമ്പലക്കുളവും അരിവെപ്പുകലവും വടക്കുംപാടവും അമ്മതന്‍ വിരലുകളും ചട്ടുകാലി പശുവും ചൂട്ടിയില്‍ പേനരിക്കും ചേവലും ഏട്ടന്‍ പഠിച്ചു ബാക്കിയായ ഏടില്ലാ പുസ്തകങ്ങളും ; രൂപമില്ല ഒന്നിനും . വട്ടമെന്നോ നീളനെന്നോ പറയാന്‍ വയ്യ ഒരു വളവു നടുവിന് ഒരു തിരിവ് മൂലകള്‍ക്ക് ഒരു ചതവ് വക്കിനു പുഴപോലൊരു വരമ്പ് ഓര്‍ത്തു പറയാന്‍ ഒരു രൂപവുമില്ല നിന്റെ ചതുരശ്ര അടിയന്‍ വീട് വടിവൊത്ത വീട്ടുകാര്‍ ഗുണിച്ച്‌ ഹരിച്ചു നോക്കിയാല്‍ ഗുണപാഠം ലാഭം നിന്റെ പാര്‍വൈയും കണിശം. നിന്‍ ചൊല്ലുകള്‍ ശരി. എനിക്കറിയില്ല പറയാന്‍ ഞാന്‍ എത്രയെന്നും എന്നില്‍ നീയെത്രയെന്നും.

തിരികെ ..

വിരഹമേയല്ല, വിരഹകാലവുമല്ല പ്രണയ മധുരം പുറകോട്ടുഴുകും പുഴയായി ഹിമശിഖരത്തില്‍ കൂടുവച്ച ചില്ലയില്‍ പുളിയുറുംബരിക്കുംപോലെ . ഇനിയൊരിക്കല്‍ വേനലിലെത്തിടാം നിന്നരുമയാം വിരല്‍ തൊടാന്‍ അലിയുമെങ്കില്‍; പഴയ സ്പര്‍ശകാലങ്ങള്‍ നിന്‍ കവിളിലൂടൊഴുകി പുഴയാകുമെങ്കില്‍ വരാം; വറുതികള്‍ മുടിയഴിചാടാത്ത ചുടലയില്‍, നിന്നിലമര്‍ന്നിരിക്കാന്‍ . ഇതെന്റെ മധുരകാലം, ഓര്‍മ്മകള്‍ കലമുടക്കുന്ന വൈകുന്നേരങ്ങളില്ലാത്ത കാലം. വഴികളില്‍ പിന്നൊരിക്കല്‍ ദൂരാല്‍ മിഴികളുടക്കുമ്പോള്‍ കൃഷ്ണമണികള്‍ ചലിപ്പിച്ച് മറയരുത്, മറന്നെന്നുരയുമരുത് . അതിലും സുഖമാണെനിക്കീ പുളിയുറുംബരിക്കും കാലം .