Friday, October 3, 2014

ജ്ഞാനസ്നാനം

കറുത്ത കണ്ണുകള്‍
ചുവന്ന ഉടുപ്പില്‍ വെളുത്ത പുള്ളികള്‍
ഒന്നോ രണ്ടോ കരിവളകള്‍
ചെരുപ്പ് തീണ്ടാത്ത വെളുത്ത പാദങ്ങള്‍
കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ
ചിരികള്‍ ചുണ്ടില്‍ ഇടയ്ക്കിടെ
വാ എന്നോ പോ എന്നോ പറയാതെ
കൂടെ നടത്തുന്ന വിളികള്‍
നീ തന്ന പഴങ്ങള്‍;
മാമ്പഴം, വരിക്ക, മാതളം, അങ്ങനെ പലതും
എല്ലാം മരങ്ങള്‍ തന്നതാ
എന്റെതല്ലെന്നുള്ള പച്ച കളമൊഴികള്‍
കാത്തുനിന്ന വളവുകള്‍
പൂത്തുലഞ്ഞ പുലരികള്‍
സായാഹ്ന കളിക്കുസൃതികള്‍
മിന്നാമിന്നികള്‍ തന്ന സ്നേഹ വെളിച്ചങ്ങള്‍
തല്ലുകൊള്ളുന്ന സ്കൂള്‍ കാലങ്ങള്‍
കൈവെള്ളയിലെ ഉമ്മക്കുളിരുകള്‍
പെറ്റ്പെരുകിയ മയില്‍‌പ്പീലിക്കുഞ്ഞുങ്ങള്‍
നിന്നിലേക്കുള്ള പൂച്ച നടത്തങ്ങള്‍
നേരമാകുന്നു പെണ്ണെ
പ്രണയങ്ങള്‍ ചൂട്ടുകത്തിച്ച് കാടിറങ്ങുന്നു
പച്ച കാണാന്‍ കാട്ടില്‍ പോയനമ്മള്‍
ജ്ഞാനസ്നാനപെട്ട പഴങ്കഥ നാളെയും പറയണമല്ലോ
പറയാതെയുറങ്ങുന്നതെങ്ങനെ.

Tuesday, May 27, 2014

ഒഴുകിപ്പോയ ഒരു കടലാസ് വള്ളത്തിന്

നിന്റെ വീടും പറമ്പും വഴികളും,
തിമിര്‍ത്തുപെയ്യുന്ന മഴപോലെ
നിറഞ്ഞൊഴുകിയ കാലമാണ്.
തോടും പുഴയും കടലുമാണ്.

നമ്മള്‍ നടന്ന പാതകള്‍,
കുട്ടികള്‍ കളിക്കുന്ന മൈതാനങ്ങള്‍,
പുലരുവോളം െഞാറിഞ്ഞുടുക്കുന്ന
സ്വപ്നപ്പാവാടക്കുഞ്ഞുങ്ങള്‍,
എല്ലാം നീയും ഞാനുമാണ്.

നിന്റെ പൂച്ചക്കുട്ടി,
പനിച്ചുകിടക്കുമ്പോള്‍ അടുത്തിരിക്കുന്ന ചിറ്റ,
കൊഞ്ഞനം കുത്തുന്ന നിന്റെ
കുഞ്ഞുടുപ്പുകളുടെ കൂമ്പാരം,
എല്ലാം നിന്റെതും എന്റെതുമാണ്.

എന്റെ പാട്ടുകള്‍,
ഒറ്റയാന്‍ കളികള്‍,
ചുട്ടുപഴുത്ത വേനല്‍ തടാകങ്ങള്‍,
ഏതൊരിളംകാറ്റിനും വഴങ്ങുന്ന
എന്റെയപ്പൂപ്പന്താടി സ്വപ്‌നങ്ങള്‍;
എല്ലാം നിന്റെതുമാണ്.

Friday, January 17, 2014

മണങ്ങള്‍

എത്ര മണങ്ങള്‍ കൊണ്ട് നിറച്ചതാണീ കാലങ്ങള്‍;
ഒന്നില്‍ നിന്ന് തുടങ്ങി മറ്റൊന്നില്‍ 
ഒടുങ്ങാന്‍ മടിക്കുന്ന കാറ്റുപോലെ മണങ്ങള്‍.

സ്വപ്‌നങ്ങള്‍ ചുമന്ന്
ചക്രവാള സീമകള്‍ നടന്നു താണ്ടിയ,
വിയര്‍പ്പും ബീഡിപ്പുകയും ചേര്‍ന്ന
അച്ഛന്റെ മണം.

മീന്‍ വെട്ടി വെടുപ്പാക്കുമ്പോള്‍
അടുത്തിരിക്കുന്ന ഞാനും പൂച്ചയും ശ്വസിച്ച
വായുവില്‍ അമ്മ എന്ന അനന്തതയുടെ മണം.
ആ പൂച്ചയിപ്പോള്‍ എവിടെയായിരിക്കും?
എവിടെപ്പോയാലും നടക്കുന്ന വഴികളില്‍
എന്റമ്മയെ മണക്കുന്നുണ്ടാകും.

ഒന്നാംക്ലാസ്, തിങ്കളാഴ്ച
എടാ നീ സ്ലേറ്റു കഴുകീലാ?
കൂട്ടുകാരിയുടെ ഒരൊറ്റ ചോദ്യത്തില്‍
ശരീരമാസകലം സരോജിനി ടീച്ചര്‍ മണത്തു.
മണിമുഴങ്ങിയ അവസാന നിമിഷത്തില്‍,
ഏട്ടന്റെ എഴാം ക്ലാസ്സിലേക്കോടി തിരിച്ചു നടക്കുമ്പോള്‍
മനസ്സില്‍ മണങ്ങളുടെ മഹാമാരിയായിരുന്നു;
ഒരുമുറി ബ്ലേഡ് കൊണ്ട് ചിന്തേരിട്ട
സ്ലേറ്റിന്റെ മരച്ചട്ടം പടര്‍ത്തിയ ഏട്ടന്റെ മണം.

പ്രണയകാലങ്ങളില്‍ എത്രയെത്ര മണങ്ങള്‍;
യാത്രകളില്‍, ആള്‍ക്കൂട്ടങ്ങളില്‍, കാടുകളില്‍
നിറയെ അവള്‍ മണക്കുന്നു.
അവളും മഴയുമൊരു മണം
അവളും ഞാനുമൊരു മണം
ഞങ്ങള്‍ നടന്ന വഴികളിലെല്ലാം ഒരേ മണം.
എത്ര ഒഴുകിയാലും കടല്‍ ചേരാത്ത
മണമാണവള്‍.

എത്രയോ മൈതാനങ്ങളില്‍ കളിച്ചുവരുന്ന
മകന്റെ മണം എന്തായിരിക്കും?
അവനെ കെട്ടിപ്പിടിക്കുമ്പോള്‍
എന്നെ മണക്കുന്നു.