മണങ്ങള്‍
എത്ര മണങ്ങള്‍ കൊണ്ട് നിറച്ചതാണീ കാലങ്ങള്‍; ഒന്നില്‍ നിന്ന് തുടങ്ങി മറ്റൊന്നില്‍ ഒടുങ്ങാന്‍ മടിക്കുന്ന കാറ്റുപോലെ മണങ്ങള്‍. സ്വപ്‌നങ്ങള്‍ ചുമന്ന് ചക്രവാള സീമകള്‍ നടന്നു താണ്ടിയ, വിയര്‍പ്പും ബീഡിപ്പുകയും ചേര്‍ന്ന അച്ഛന്റെ മണം. മീന്‍ വെട്ടി വെടുപ്പാക്കുമ്പോള്‍ അടുത്തിരിക്കുന്ന ഞാനും പൂച്ചയും ശ്വസിച്ച വായുവില്‍ അമ്മ എന്ന അനന്തതയുടെ മണം. ആ പൂച്ചയിപ്പോള്‍ എവിടെയായിരിക്കും? എവിടെപ്പോയാലും നടക്കുന്ന വഴികളില്‍ എന്റമ്മയെ മണക്കുന്നുണ്ടാകും. ഒന്നാംക്ലാസ്, തിങ്കളാഴ്ച എടാ നീ സ്ലേറ്റു കഴുകീലാ? കൂട്ടുകാരിയുടെ ഒരൊറ്റ ചോദ്യത്തില്‍ ശരീരമാസകലം സരോജിനി ടീച്ചര്‍ മണത്തു. മണിമുഴങ്ങിയ അവസാന നിമിഷത്തില്‍, ഏട്ടന്റെ എഴാം ക്ലാസ്സിലേക്കോടി തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ മണങ്ങളുടെ മഹാമാരിയായിരുന്നു; ഒരുമുറി ബ്ലേഡ് കൊണ്ട് ചിന്തേരിട്ട സ്ലേറ്റിന്റെ മരച്ചട്ടം പടര്‍ത്തിയ ഏട്ടന്റെ മണം. പ്രണയകാലങ്ങളില്‍ എത്രയെത്ര മണങ്ങള്‍; യാത്രകളില്‍, ആള്‍ക്കൂട്ടങ്ങളില്‍, കാടുകളില്‍ നിറയെ അവള്‍ മണക്കുന്നു. അവളും മഴയുമൊരു മണം അവളും ഞാനുമൊരു മണം ഞങ്ങള്‍ നടന്ന വഴികളിലെല്ലാം ഒരേ മണം. എത്ര ഒഴുകിയാലും കടല്‍ ചേരാത്ത മണമാണവള്‍. എത്...