Posts

മണ്ണിര കമ്പോസ്റ്റ്

പാടം പകുത്തിട്ട വഴിക്കണക്കുകള്‍ വീടിന്റെ ഉത്തരം മുട്ടിയപ്പോഴാണ്‌ കെട്ടുതാലി വില്‍ക്കാന്‍ നിന്റെ കഴുത്തില്‍ പിടിച്ചത്. പലിശക്കാരന്റെ മുറുക്കിച്ചുവപ്പിച്ച പുലഭ്യം നിറഞ്ഞ മണ്‍ചട്ടിയില്‍ പ്രണയം തിളപ്പിയ്ക്കാന്‍ വെള്ളമില്ലാതായപ്പോഴാണ് നിന്റെ ഹൃദയം കുഴിച്ചു ഞാന്‍ ഉറവ വറ്റിച്ചത്. നാളെ പുലരുമ്പോള്‍, അയല്‍ക്കൂട്ടം വന്നുനിന്‍ ചിരിയുടയ്ക്കും പച്ചക്കതിരുകള്‍ ചായം മുക്കിയ എന്റെ പ്രതിമയില്‍ കാര്‍ക്കിച്ചു തുപ്പും നിന്റെ കവിളിലൂടെ പ്രണയത്തിന്റെ അവസാന തുള്ളിയും ചോര്‍ന്നുപോകും മുന്‍പ് വിട വയ്യെനിക്ക്‌ പറയാന്‍ ഞാന്‍ കുഴിച്ച മണ്ണിരക്കുഴിയിലെ വഴുവഴുത്ത പഴുതുകള്‍, പൊറുക്കുക.

അവസാനത്തെ അത്താഴം

ആകാശം മേല്‍ക്കൂരയും പാടവരമ്പുകള്‍ ചുമരുകളും പതിനായിരം മഴത്തുള്ളികള്‍ ഒരുമിച്ചു പെയ്തിറങ്ങുന്ന നെല്‍മണികള്‍ വിളഞ്ഞുനില്‍ക്കുന്ന തണുപ്പുള്ള ചതിപ്പായിരുന്നു എന്റെ വീട്. ഒരിക്കലും നടന്നകലാന്‍ കഴിയാത്ത ചേറിന്‍ പിടിച്ചുവലികളില്‍നിന്നും നിന്നിലേക്ക്‌ വന്നപ്പോള്‍ കാടുപിടിച്ച മുടിയില്‍ മുറുകെപ്പിടിച്ചു നെഞ്ചോടമര്‍ത്തി നീയെന്നെ പ്രണയിച്ചു. ഇരുമ്പും കല്ലുമുള്ള മേല്‍ക്കൂരയും ചായം കൊടുത്ത കല്ലുകള്‍ പാകിയ നടവഴിയുമുള്ള നിന്റെ വീടുകണ്ടപ്പോള്‍ നെഞ്ചൊന്നു പിടച്ചു. ജനലില്‍ തൂക്കിയിട്ട നിന്റെ ഈറന്‍ തുണികള്‍ കണ്ടപ്പോള്‍ ആശ്വസിച്ചു ; ചെങ്കല്‍ ചുമരുകള്‍ക്കു തീര്‍ച്ചയായും നിന്റെ മണമുണ്ടാകും. ഒടുവില്‍ പിറകിലെ ചായ്പ്പിലിരുത്തി ചോറും പലഹാരങ്ങളും തന്നു നീയെന്നെ പ്രണയിച്ചു; തോട്ടുകൂടാത്ത പ്രണയം. തുളുംബിയ കണ്ണുകള്‍ തുടക്കാതെ തിരിച്ചു നടക്കുമ്പോള്‍ മഴവില്ലായിരുന്നു കണ്ണുകളില്‍ പാടത്തും പറമ്പിലുമൊക്കെ മഴവില്ലുകള്‍.

‘യു മാരി മൈ മദര്‍’

Image
മാലദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടാല്‍ തോന്നും നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപ് അല്ലെങ്കില്‍ രാജ്യം. കാര്യം ശരിയാണെങ്കിലും ഈ രാജ്യത്തിന് ഭൂമിശാസ്ത്രപരമായി ഒരു പാട് പ്രത്യേകതകളുണ്ട്. ഇന്ത്യയ്ക്ക് തെക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് സമൂഹത്തിന് തൊട്ടുതാഴെ ഒരു മാലപോലെ സ്ഥിതിചെയ്യുന്ന ആയിരത്തി തൊള്ളായിരത്തില്‍ പരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ചെറുരാജ്യം. ഇതില്‍ വെറും ഇരുനൂറ് ദ്വീപുകളിലേ ആള്‍ത്താമസമുള്ളുവെങ്കിലും മറ്റ് പലദ്വീപുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ്. ടൂറിസവും മീന്‍പിടുത്തവും മുഖ്യവരുമാനമാര്‍ഗ്ഗവുമായുള്ള, പവിഴപുറ്റുകള്‍ വളര്‍ന്നുണ്ടായ രാജ്യമാണ് നാം ‘മാലി’ എന്ന് വിളിക്കുന്ന മാലദ്വീപ്. മൊബൈല്‍ ഫോണ്‍ നിലവില്‍ വരുന്നതിനു മുമ്പ് വരെ അയല്‍ദ്വീപുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ ഓരോ ദ്വീപിലും ജനങ്ങള്‍ മീന്‍പിടിച്ചും മറ്റും ഒറ്റപ്പെട്ട് ജീവിതം നയിച്ചുപോന്നു. ഈ ചെറുരാജ്യത്ത് ആയിരക്കണക്കിന് വരുന്ന മറുനാട്ടുകാരായ അധ്യാപകരിലൊരുവനാണ് ഞാന്‍. ഭരണയന്ത്രവും മറിയം റഷീദയുമടങ്ങുന്ന മാലി ('Male') തലസ്ഥാനത്തിനു വെറും 1.8 ചതുരശ്ര കിലോമീറ്റര്‍ ച...

പ്രണയം, നൈരാശ്യം, പ്രവാസം

Image
"Love is an adult emotion some of us never grow up some of us never reach adulthood" ശശിദേശ് പാണ്ഡെയുടെ എവിടെയോ വായിച്ച വരികളാണിവ. പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ബിരുദ വിദ്യാര്‍ത്ഥിക്ക് പ്രീ ഡിഗ്രിക്കാരിയോളം പോലും പ്രണയവികാരം വളര്‍ന്നിരുന്നില്ല എന്ന് പറയുന്നതാണ് ശരി. എല്ലാം വൈകിയായിരുന്നു എന്നിലേക്കെത്തിയിരുന്നത്. കൌമാരയൌവ്വനങ്ങളുടെ സിംഹഭാഗവും ബാല്യം അപഹരിച്ചു എന്ന് തോന്നിയിട്ടുണ്ട്. നഷ്ടബോധം കണ്ണിലൂടെ നെഞ്ചിലൂടെ പെയ്തിറങ്ങിയിട്ടുണ്ട്, യൌവ്വനം വൈകിയെത്തിയകാലത്ത്. ഇപ്പോള്‍, നടുക്കടലില്‍ വീണ്ടും ഞാന്‍ വേദനയുടെ കേറിയാല്‍ ത...

നരയ്ക്കുന്ന പൂമ്പാറ്റകള്‍

പ്രണയം പൂമ്പാറ്റചിറകുപോലെ എത്ര ഓര്‍ത്താലും കിട്ടാത്ത ചിത്രങ്ങള്‍,നിറങ്ങള്‍.... കാണുമ്പോള്‍ എല്ലാം സുന്ദരം സുവ്യക്തം കാണാതിരിക്കുമ്പോള്‍ നിറങ്ങളും വരകളും മങ്ങി ശലഭം എന്ന ഓര്‍മ്മ മാത്രം. കണ്ടില്ലല്ലോ എന്ന വേദനയും. ശലഭങ്ങള്‍ കൊണ്ടുനിറച്ച വീടെനിക്ക് വേണ്ട. ഒന്നോ രണ്ടോ പൂമ്പാറ്റ ചുമരില്‍ പതിക്കാം; അതാണ്‌ ചന്തം. ചുമരില്ലാത്ത വീടാണെങ്കില്‍ അവരെന്റെ ഹൃദയഭിത്തികളില്‍ തൂങ്ങിക്കിടക്കട്ടെ....

പരാജിതന്‍

തിരിച്ചു ദ്വീപിലേക്ക് നടക്കുന്നു പച്ച ഒലിച്ചുപോയ കാടിന്റെ മുറിപ്പാടിലൂടെ നടന്നു ഞാന്‍ സമുദ്രത്തിലെത്തി; ഇന്ത്യന്‍ മഹാസമുദ്രം. കന്നീരുപ്പിന്റെ തിരകളെ പുണരാന്‍ പ്രോഗ്രാം ചെയ്ത ദൈവങ്ങളെ വിളിക്കാതെ ഒറ്റയ്ക്ക് ഒരു നടത്തം. തിരിഞ്ഞു നോക്കിയില്ല, നോക്കില്ല. പെരുംകുളവും ആല്‍ത്തറയും തിരികെ വിളിക്കും ചന്തപ്പുരയും കോട്ടമൈതാനവും മഴനൂല്‍കൊണ്ട് ആഞ്ഞുവലിക്കും പ്രണയിച്ചു പ്രണയിച്ചു പ്രണയം നിലച്ചവളെ നീയാണെന്റെ ശക്തി, എന്റെയാശ്രയം നിന്റെ നിസ്സംഗമായ ചിരി എന്റെ നടത്തത്തിനു വേഗം തരുന്നു; ഒടുക്കത്തെ വേഗം.

നോവ്‌

Image
വയ്യിനി നടക്കുവാന്‍ നെടുകെയും കുറുകെയും വരവീണ പാടവരംബിലൂടൊട്ടും വയ്യ . കാലുകള്‍ കല്ലില്‍ തട്ടി ചോരയില്‍ ചിരിക്കുന്നു വയ്യിനി ചുമക്‌ുവാന്‍ കൊടുംചൂട്ടിന്‍ കടരേഖ . പുഴപോല്‍ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന ലിപികളും പ്രണയ ലിഖിതങ്ങളുംഇല്ല . തരുന്നില്ലാരും ,കാത്തിരിക്കുന്നുമില്ല സ്നേഹ സ്മരണതന്‍ കടുംനീല കുറിപ്പുകള്‍; നെഞ്ചകം തണുക്കുന്ന ചില്ലക്ഷരപ്പൂക്കള്‍ . ആരാരും എഴുതുന്നുപോലുമില്ല ഒരു വാക്ക് മഴയില്‍ കുതിര്‍നെന്നു പഴി പറയുന്നുമില്ല . ഒന്നുണ്ട് ചുമക്കുന്നൂ ദിനവും ദീനത്തോടെ കണ്ണിലെ മണിപോലെ നാട്ടുകാര്‍ വളര്‍ത്തിയ ചെറു പുന്ചിരിപ്പൂക്കള്‍ വരണ്ട വേരിലൂടെ ഒഴുകും കടപ്പെരും മഴതന്‍ കൊടും പത്രം . കഴിഞ്ഞ കാലങ്ങളിലോക്കെയീ പാതവക്കില്‍ കാതുനിന്നെന്നെ കണ്ട പ്രനയിതാക്കളും പോയി . ദൂരെയാ മലകള്‍ക്കും സൂര്യനും അപ്പുറത്ത് പട്ടണപ്പുക തിന്നും മക്കളിന്‍ മണമുള്ള അക്ഷര പക്ഷികള്‍ കൂടണയുന്നതും കാത്തു അമ്മമാര്‍ വരമ്പത്ത് പരിതപിച്ചതുമെല്ലാം ഓര്‍മ്മകള്‍ ; വസന്തത്തിന്‍ ഓര്‍മ്മകള്‍ കൊഴിയുന്നു . തലയ്ക്കു മുകളിലൂടൊരു പ്രണയത്തിന്‍ എസ് എം എസ് പറ പറക്കുന്നൂ എന്നെ പിറകിലാക്‌ുന്നൂ കാലം .