Tuesday, July 6, 2010

മണ്ണൊലിച്ചുപോയ മയ്യഴി


'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ" കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും
നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം. വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളും പുതുപ്പിറവികളും രക്തത്തില്‍ ചാലിച്ച് യുവ ഞരമ്പുകളിലേക്കാവാഹിച്ച എം.മുകുന്ദന്‍ അന്നെഴുതിയത് വെറും നോവലായിരുന്നില്ല, കണ്ണൂരിന്റെ ചരിത്രത്തില്‍ കാണുന്ന ഫ്രഞ്ചുകാരും കാണാത്ത മനുഷ്യരും ഒരുമിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു. ദാസനും പപ്പനും കുഞ്ഞനന്തന്‍ മാഷും പറഞ്ഞത് ഒരു നാടിന്റെ സ്വാതന്ത്യത്തെക്കുറിച്ച് മാത്രം. കമ്മ്യൂണിസം എന്ന ഹ്യൂമാനിസത്തെക്കുറിച്ച് കാണാന്‍ നമ്മളില്ലെങ്കിലും നാട്ടില്‍ സമാധാനം വരണം, സ്വാതന്ത്യം
കിട്ടണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച മനുഷ്യസ്നേഹത്തിന്റെ ഇതിഹാസമായിരുന്നു അത്.
mayyazhi.jpg
ഒരു പുതുയുവത്വത്തിന്റെ തിരിച്ചുവരവിനായിരുന്നു മുകുന്ദന്‍ പറഞ്ഞ കമ്മ്യൂണിസം. എല്ലാ വേദനകളില്‍ നിന്നും മോചനം തരുന്ന വേദ ഗ്രന്ഥമായിരുന്നു കമ്മ്യൂണിസ്‌റ്‌ മാനിഫെസ്‌റോ. വിശപ്പും ദാഹവും മാത്രമല്ല കാമവികാരത്തെപ്പോലും ശമിപ്പിക്കാന്‍ ശേഷിയുള്ള പുസ്‌തകം. 'ലോക തൊഴിലാളികളേ സംഘടിക്കൂ, നഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക്‌ കൈവിലങ്ങുകള്‍ മാത്രം' ; മാനിഫെസ്‌റോയിലെ ഈ അവസാന വാചകം ആദ്യമായി വായിച്ചപ്പോള്‍ തനിക്ക്‌ സ്‌ഖലനം സംഭവിക്കുന്നു എന്ന്‌ തോന്നിയ പപ്പന്‍. ഒരു പ്രത്യയശാസ്‌ത്രത്തെ ഇത്രയും ആത്മാര്‍ത്ഥമായി ഉള്ളിലേക്കാവാഹിച്ച പപ്പന്‍മാരുടെ മയ്യഴി. അങ്ങനെ ഒരു മയ്യഴി ഉണ്ടായിരുന്നു എന്ന്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത, സത്യത്തിന്‌ ഷണ്ഡത്വം ബാധിച്ച ഒരു കാലത്ത്‌, ദാസന്റെയും പപ്പന്റെയും നാട്ടില്‍ കമ്മ്യൂണിസം തിരഞ്ഞ്‌ തളര്‍ന്നില്ലെങ്കിലേ അതിശയമുള്ളൂ.

തിരഞ്ഞ്‌, തിരിച്ചു പോകുന്നതിനു മുമ്പ്‌ ചില നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം. മനുഷ്യന്റെ ഒരു തുള്ളി ചോരക്ക്‌ ഒരു കിരീടത്തിനേക്കാള്‍ വിലയുണ്ടെന്ന്‌ പറഞ്ഞ പപ്പന്റെ ഹ്യൂമാനിസത്തില്‍ നിലവിളികള്‍ക്ക്‌ സ്ഥാനമില്ല. കൊമ്മിസാറെ കുത്തിക്കൊന്ന്‌ നാടുവിടുമ്പോള്‍ പപ്പന്‍ ആക്രോശിച്ചിരുന്നില്ല. അതൊരു നാടിനുവേണ്ടി, ജനതക്കുവേണ്ടിയായിരുന്നു. നമ്മള്‍ കേള്‍ക്കുന്ന നിലവിളി കണ്ണൂര്‍ മൊകേരി ഈസ്‌റ്‌ യു.പി സ്‌കൂളില്‍ നിന്നാണ്‌. നേരം രാവിലെ 10.40. ആറാം ക്‌ളാസ്സ്‌. പതിനൊന്നും പന്ത്രണ്ടും വയസ്സു വരുന്ന കുട്ടികള്‍ക്കു മുമ്പില്‍ തങ്ങളുടെ സര്‍വ്വ വിജ്ഞാനിയായ മാഷ്‌ നില്‍ക്കുന്നു. ഇടിത്തീപോലെ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുന്ന നല്ലനടത്തിപ്പുകാര്‍ ചാടിവീഴുന്നു. പ്രതികള്‍ 2,3,6 ക്രമത്തില്‍ കിഴക്കുനിന്നും, 1,4,7 ക്രമത്തില്‍ പടിഞ്ഞാറു നിന്നും തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന അദ്ധ്യാപകനെ വെട്ടിയും, അടിച്ചും നിലവിളികള്‍ തൊണ്ടയിലടച്ച ചില നിമിഷങ്ങള്‍ സമ്മാനിക്കുന്നു. ഇതാണോ ദാസന്റെ കമ്മ്യൂണിസം എന്ന ഹ്യൂമാനിസം ? പപ്പന്റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള രക്തച്ചൊരിച്ചില്‍ ഇതാണോ ? അല്ല, ഇത്‌ കണ്ണൂരിന്റെ ശക്തി തെളിയിക്കല്‍ രാഷ്ട്രീയം... അപ്പോള്‍ മയ്യഴിയോ? മയ്യഴിയുടെ വളക്കൂറുള്ള മണ്ണ്‌ ഒലിച്ചുപോയി. സ്‌നേഹത്തിന്റെയും സമത്വത്തിന്റേയും വിത്തിനി മയ്യഴിയില്‍ മുളക്കില്ല. ചെവിയോര്‍ക്കൂ... ഇനിയും കേള്‍ക്കാം. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ബഹളമല്ല. ഒരു പച്ച മനുഷ്യനെ ക്‌ളാസ്സ്‌ മുറിയിലിട്ട്‌ വെട്ടി നുറുക്കിയ ധീര യോദ്ധാക്കളെ വെറുതെവിട്ടതിന്റെ ആഹ്‌ളാദ പ്രകടനം. ഒരു പ്രത്യയശാസ്ത്രം മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രമായി പരിണമിക്കുമ്പോഴുണ്ടാകുന്ന കലാപങ്ങളാണിതൊക്കെ.

mukundan2.jpg
വിരോധാഭാസത്തിന്റെ മുദ്രാവാക്യത്തില്‍ മുതലാളിമാര്‍ ഭയന്നിരുന്ന ഒരു മാര്‍ക്‌സിയന്‍ ഭൂതം കുപ്പിയിലാക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുകള്‍ കേള്‍ക്കാം നമുക്ക്‌. കേരളം 'ഞങ്ങള്‍ മാത്രം വിവരമുള്ളവര്‍' ഭരിക്കുന്ന നാട്‌ എന്ന അഹങ്കാരത്തിന്റെ വെളിപ്പെടുത്തല്‍ 'ലോക തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന്‌ വായിച്ച്‌ സ്‌ഖലനം സംഭവിക്കണമെങ്കില്‍ വിവരമുള്ള ഞങ്ങള്‍ സ്വയംഭോഗം ചെയ്യണം എന്ന വെളിപ്പെടുത്തല്‍.
ഒരു കൊളോണിയന്‍ സംസ്‌കാരത്തില്‍ മുകുന്ദന്റെ കുറുമ്പിയമ്മക്ക്‌ ആത്മവിശ്വാസമുണ്ടായിരുന്നു. വെള്ളക്കാര്‍ കൊല്ലില്ല ബോംബിടില്ല എന്നൊക്കെ. അത്‌ അധിനിവേശത്തിന്റെ ഉള്‍പ്പൊരുളറിയാത്ത കുറുമ്പിയമ്മക്ക്‌ വെള്ളക്കാരിലെ മനുഷ്യന്‍മാരുമായുണ്ടായിരുന്ന ആത്മ ബന്ധമായിരുന്നു. അവരോട്‌ സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ടിരുന്ന കമ്മ്യൂണിസ്‌റ്‌കാരോട്‌ നീരസമുണ്ടായിരുന്നു അവര്‍ക്ക്‌. നാട്ടിന്‍പുറത്തുകാരിയുടെ ഈ നിഷ്‌ക്കളങ്കതയെയാണ്‌ സാമ്രാജ്യത്വശക്തികള്‍ ചൂഷണം ചെയ്‌തുപോന്നിരുന്നത്‌. അതില്‍ ചിന്തിക്കുന്ന യുവാക്കള്‍ വേറിട്ട്‌ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചപ്പോഴാണ്‌ വിപ്‌ളവമുണ്ടായത്‌; വെള്ളക്കാര്‍ക്കെതിരെ, ഭൂ പ്രഭുക്കന്‍മാര്‍ക്കെതിരെ, മേലാള ഭരണകര്‍ത്താക്കള്‍ക്കെതിരെ ,കമ്യൂണിസം ഒരു മതമാവുകയായിരുന്നു. ചുഷിതരും മര്‍ദ്ദിതരും തങ്ങള്‍ക്കുവേണ്ടി പൊരുതാനും വാദിക്കാനും ആരൊക്കയോ ഉണ്ടെന്ന്‌ അഹങ്കരിച്ചിരുന്ന കാലം ആ വസന്തത്തില്‍ നിന്ന്‌ കേരളത്തലെ അടിസ്ഥാന വര്‍ഗ്ഗം തൊട്ടുകൂടായ്‌മയുടെ ഗ്രീഷ്‌മത്തിലേക്ക്‌ നടന്നു കൊണ്ടിരിക്കുന്നു. മതങ്ങള്‍ പ്രത്യയശാസ്‌ത്രങ്ങളെ ശാസിക്കുന്നു. വരുതിയിലാക്കുന്നു. നിശബ്ദമാക്കുന്നു. വെള്ളത്തിനുവേണ്ടി സമരം ചെയ്യുമെന്ന്‌ കരുതിയവര്‍ വെള്ളം കൊണ്ട്‌ കളിസ്ഥലമുണ്ടാക്കുന്നു. ഒരു സമൂഹത്തെ അസമത്വങ്ങളില്ലാതെ കൊണ്ടു നടക്കേണ്ടവര്‍ കച്ചവടത്തിന്റെ പുതിയ മേഖലകള്‍ തേടിപ്പോകുന്നു.


പപ്പന്‍മാര്‍ കൊലപാതകികളായത്‌ ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിനായിരുന്നു. ഭഗത്‌ സിങ്ങും രാജ്‌ ഗുരുവുമൊക്കെ രക്തസാക്ഷികളായത്‌ ചൂഷണത്തനെതിരെ പടപൊരുത്തിക്കൊണ്ടായിരുന്നു. ഒരു നാടിനുവോണ്ടി കൊലപാതകികളായ കമ്മ്യൂണിസ്‌റുകാര്‍. ഇന്നത്തെ കൊല്ലും കൊലയും പാര്‍ട്ടിക്കുവേണ്ടി മാത്രം. ശക്തി തെളിയിക്കുന്നതിനു വേണ്ടി അരാജകത്വം അഴിച്ചുവിടുന്ന ക്വട്ടേഷന്‍ ഗുണ്ടകള്‍ വിലസുന്നു, മാഫിയകള്‍ വിലസുന്നു, തീവ്രവാദികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും തീവ്രവാദത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. അതെല്ലാം ആരുടേയോ പ്രശ്‌നങ്ങള്‍ ആണെന്ന ഭാവത്തില്‍ ഒരു കമ്മ്യൂണിസ്‌റ്‌ ഭരണകൂടം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആര്‍ക്ക വേണ്ടി ? ഞങ്ങള്‍ക്കു വേണ്ടി; പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കും വേണ്ടി ഒരു സ്ഥാപനം. ദാമു റൈറ്റര്‍മാര്‍ ചോരയും നീരും കൊടുത്ത്‌ കുഞ്ഞനന്തന്‍മാര്‍ ആത്മധൈര്യവും, വിവേകവും, ദീര്‍ഘ വീക്ഷണവും കൊടുത്ത്‌ വളര്‍ത്തിയ; ഒരു നാടിന്റെ സ്വാതന്ത്യ്രത്തിനും, സമാധാനത്തിനും, പുരോഗതിക്കും വേണ്ടി മാത്രം ശ്വാസം വലിച്ചിരുന്ന ദാസന്‍മാരും പപ്പന്‍മാരും വെള്ളിയാങ്കല്ലിലേക്ക്‌ പറന്നിരിക്കുന്നു. പകരം പഴയ ഗ്വിറ്റാറില്‍ വിപ്‌ളവഗാനസ്‌മരണകള്‍ ആലപിച്ച്‌ ദാര്‍ഷ്ട്യത്തിന്റെ ഇരുട്ടുമുറിയില്‍ ഷണ്ഡനായ ഗസ്‌തേനെപ്പോലെ പാര്‍ട്ടിക്കു വേണ്ടി മാത്രം ഒരു പാര്‍ട്ടി ജനങ്ങള്‍ക്ക്‌്‌്‌ മുഖം കൊടുക്കാതെ ജീവിക്കുന്നു.


വര്‍ഗ്ഗ ശത്രുക്കളില്ലാത്ത, പ്രഭുക്കന്‍മാരില്ലാത്ത കേരളത്തില്‍, സാമ്പത്തികാസമത്വവും ആള്‍ ദൈവങ്ങളും ഈഴവനും നായരും സഭയും വിശുദ്ധയോദ്ധാക്കളും അരങ്ങു തകര്‍ക്കുന്ന 'വിവരമുള്ള ഞങ്ങള്‍' ഭരിക്കുന്ന കേരളത്തില്‍ വികസനം വരും, ഒരുമ വരും, സമത്വം വരും എന്നൊക്കെ ആശിച്ച്‌ മരിച്ച ദാസന്‍മാരെ, പപ്പന്‍മാരെ, കുഞ്ഞനന്തന്‍മാരെ വെള്ളിയാങ്കല്ലിനു മുകലില്‍ ഒരപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുന്ന നിങ്ങള്‍ കാത്തിരിക്കുവിന്‍, ഉടന്‍ തന്നെ നിങ്ങള്‍ ഒരു തെറ്റു തിരുത്തല്‍ രേഖ ചമക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ചോര കൊടുത്ത്‌ പണിതുവളര്‍ത്തിയ പ്രസ്ഥാനം നിങ്ങള്‍ക്കൊപ്പം വെള്ളിയാങ്കല്ലിനു മുകളിലൂടെ സീറോ ഗ്രാവിറ്റിയില്‍ പാറിപ്പറക്കുമ്പോള്‍ ആര്‍ക്കാണ്‌ തെറ്റിയതെന്ന്‌ കണ്ടുപിടിച്ച്‌ മൂപ്പന്‍ സായ്‌പിന്റെ ബംഗ്‌ളാവിന്‌ പുറത്ത്‌ ജനങ്ങള്‍ വായിക്കാന്‍ പാകത്തില്‍ ഒരു തെറ്റു തിരുത്തല്‍ രേഖ പരസ്യപ്പെടുത്തുവാന്‍ സമയമായിരിക്കുന്നു.

നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍......

Published in nattupacha online magazine.