Tuesday, April 5, 2011

ഞാനെത്ര ?

ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും
ഓര്‍മ്മകള്‍; ഓമന സ്മരണകള്‍.
രൂപമില്ല, രൂപയ്ക്കു വിലയില്ലാ നിനവുകള്‍.

അമ്പലക്കുളവും അരിവെപ്പുകലവും
വടക്കുംപാടവും അമ്മതന്‍ വിരലുകളും
ചട്ടുകാലി പശുവും
ചൂട്ടിയില്‍ പേനരിക്കും ചേവലും
ഏട്ടന്‍ പഠിച്ചു ബാക്കിയായ
ഏടില്ലാ പുസ്തകങ്ങളും ;
രൂപമില്ല ഒന്നിനും .

വട്ടമെന്നോ നീളനെന്നോ പറയാന്‍ വയ്യ
ഒരു വളവു നടുവിന്
ഒരു തിരിവ് മൂലകള്‍ക്ക്
ഒരു ചതവ് വക്കിനു
പുഴപോലൊരു വരമ്പ്
ഓര്‍ത്തു പറയാന്‍ ഒരു രൂപവുമില്ല

നിന്റെ ചതുരശ്ര അടിയന്‍ വീട്
വടിവൊത്ത വീട്ടുകാര്‍
ഗുണിച്ച്‌ ഹരിച്ചു നോക്കിയാല്‍
ഗുണപാഠം ലാഭം
നിന്റെ പാര്‍വൈയും കണിശം.
നിന്‍ ചൊല്ലുകള്‍ ശരി.

എനിക്കറിയില്ല പറയാന്‍
ഞാന്‍ എത്രയെന്നും
എന്നില്‍ നീയെത്രയെന്നും.

Sunday, March 13, 2011

തിരികെ ..

വിരഹമേയല്ല, വിരഹകാലവുമല്ല
പ്രണയ മധുരം പുറകോട്ടുഴുകും പുഴയായി
ഹിമശിഖരത്തില്‍ കൂടുവച്ച ചില്ലയില്‍
പുളിയുറുംബരിക്കുംപോലെ .

ഇനിയൊരിക്കല്‍ വേനലിലെത്തിടാം
നിന്നരുമയാം വിരല്‍ തൊടാന്‍
അലിയുമെങ്കില്‍;
പഴയ സ്പര്‍ശകാലങ്ങള്‍
നിന്‍ കവിളിലൂടൊഴുകി പുഴയാകുമെങ്കില്‍
വരാം; വറുതികള്‍ മുടിയഴിചാടാത്ത
ചുടലയില്‍, നിന്നിലമര്‍ന്നിരിക്കാന്‍ .

ഇതെന്റെ മധുരകാലം,
ഓര്‍മ്മകള്‍ കലമുടക്കുന്ന
വൈകുന്നേരങ്ങളില്ലാത്ത കാലം.
വഴികളില്‍ പിന്നൊരിക്കല്‍
ദൂരാല്‍ മിഴികളുടക്കുമ്പോള്‍
കൃഷ്ണമണികള്‍ ചലിപ്പിച്ച്
മറയരുത്, മറന്നെന്നുരയുമരുത് .
അതിലും സുഖമാണെനിക്കീ
പുളിയുറുംബരിക്കും കാലം .

Saturday, October 30, 2010

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...


എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല്‍വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയകവിതയില്ലാക്കാലത്തിലാണ്. ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടികതിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തലതല്ലാതെ , നിലവിളിക്കാതെ, യാത്ര പറയാതെ പിരിഞ്ഞുപോയി .

ഉള്ളില്‍ ഒന്നുമില്ലെങ്കിലും
ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ, തീക്കനല്‍ മഴപോലെ, ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന്‍ മരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പറയാന്‍കഴിയാതെ പോകുമായിരുന്ന ഒസ്സ്യത്തിലില്ലാത്ത രഹസ്യങ്ങള്‍ ഉറക്കെ പറഞ്ഞു യാത്രയായി. ശവപ്പെട്ടി ചുമക്കുന്നവരോട് തന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടെന്നും , ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരമായിരുന്നു അതെന്നും , അതിന്റെ ഇതളുകള്‍ ഇറുത്തെടുത്ത് മുഖത്തും രേഖകള്‍ മാഞ്ഞ കൈവെള്ളയിലുംവയ്ക്കണമെന്നും പൂവിലൂടെ തനിക്കു തിരിച്ചു പോകണമെന്നും പറയാന്‍ ഇനിയാര്‍ക്കു കഴിയും? എന്റെ ശവപ്പെട്ടി മൂടാതെ പോകൂ, എന്റെ ചങ്ങാതിമാരും ഒരുപക്ഷെ പ്രണയിനികളും മരിക്കുമ്പോള്‍ എന്നിലേക്ക്‌ വരുമെന്ന് പറഞ്ഞുപോയ ചങ്ങാതി. ജീവിതത്തില്‍ ഉടനീളംഅരാജകത്വം അഴിഞാടിയെന്നു സജ്ജനങ്ങള്‍ പഴിപറയുമ്പോള്‍ ജീവിക്കാന്‍ ഒരു ശ്രമം പോലുംനടത്താതെ കവിതയില്‍ ജീവിതം ഒളിപ്പിച്ച അമരത്വമാണ് നീയെന്നു പറയുന്നതാണ് എനിക്കിഷ്ടം.

വിശക്കുന്നവന്‍
ചെരുപ്പ് തിന്നുന്നതുകണ്ട് ചിരിച്ചതില്‍ പശ്ചാത്തപിക്കാന്‍ ഇനിയാരുണ്ട്? പക്ഷിതന്‍നെഞ്ചിലെ അസ്ത്രമൂരി മറ്റൊരു ശത്രുവിന്‍ നെഞ്ചിലേക്കെയ്യുന്ന വേവലാതികളുടെ കാലം വരയ്കാന്‍ഇനിയാരുണ്ട്? ഇനിയൊരു പ്രണയത്തിലൂടെ തിരിച്ചുവരുമോ?
പൂവുകളെല്ലാം നോവുകളെന്നുപാടി ഗ്രീഷ്മത്തെ സഖിയാക്കിയ മലയാള കവിതയുടെ വസന്തമാണ്നീയെന്നു പറയാനാണ് എനിക്കിഷ്ടം. വസന്തവും ശിശിരവും ഹേമന്തവും ഉള്ളപ്പോള്‍ ഗ്രീഷ്മത്തെപ്രണയിക്കാന്‍ തിരമാലകളുടെ വേദനകള്‍ ഏറ്റുവാങ്ങിയ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?

ആരുമില്ലാത്ത
പ്രവാസത്തില്‍ മുകള്‍ ചുണ്ടില്‍ മുറിപ്പാട് ഇല്ലാത്തതിനാല്‍ കടലിനെ പ്രണയിക്കില്ലെന്ന് ശഠിച്ച്ചിരിക്കുന്ന , കടലിന്റെ കുഞ്ഞോളങ്ങള്‍ നിന്റെ ഇത്തിരിപ്പോന്നകുഞ്ഞുടുപ്പിനോളം വരില്ലെന്ന് ഉറക്കെ പറയുന്ന നിശ്രബ്ദതയില്‍ നിന്റെ നീയില്ലാക്കാലം കൂടിഞാന്‍ ചേര്‍ത്ത് വക്കുന്നു . "ഞാന്‍ കുടിച്ച കണ്ണീരിനോളം വരില്ല കുടിച്ചു വറ്റിച്ച മദ്യം " എന്ന നിന്റെപ്രിയ വരി ഞാന്‍ മലയാളം മാത്രം പറയുന്ന എന്റെ സ്വന്തം പാലക്കാടന്‍ വൈകുന്നേരത്ത് , ഇരുട്ടില്‍, കണ്ണീരും കാസയില്‍ പകര്‍ന്ന നിന്റെ പ്രിയ പാനീയവും കലര്‍ത്തി ഞാന്‍ ഉറക്കെ പാടും;

" ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു,
അച്ച്ചനാരെന്നറിയില്ല,
അമ്മയെ കണ്ടില്ല,
ഒരാള്‍ കുരുന്നു കൈപിടിച്ചു
തെരുവിലേക്ക് കൊണ്ടുപോയ്
തെരുവിന്റെ പേരിന്നു
ചുവന്ന തെരുവ്"
പ്രണയവും വിശപ്പും അനാഥത്വവും മരണവും മരിക്കുന്ന കാലത്ത്
ഞാന്‍ വിശ്വസിക്കും;
നീ മരിച്ചെന്നു.

Wednesday, August 25, 2010

ക്വട്ടേഷന്‍

കുല്സൂമ്മാ.....
നിന്റെയാട്ടിന്കുട്ടി
എന്റെ ആസ്റ്റെര്‍ ചെടികളെ
കടിച്ചു മുറിച്ച ദേഷ്യത്തിലാണ്
നിന്നെ ഞാന്‍ പ്രണയിക്കില്ലെന്ന് പറഞ്ഞത്.

ആട്ടിന്‍കുട്ടിയെ അറവുകാരന്
വില്‍ക്കുന്നതിനു മുന്‍പ്
ഒന്ന് നീ മറക്കരുതായിരുന്നു;

ആസ്റ്റെര്‍ പൂക്കളേക്കാള്‍ നിറമുള്ള പുല്‍മേടുകളില്‍
ആടിന്റെ പേരില്‍ മാത്രം വീട്ടില്‍ നിന്നിറങ്ങിയ
പ്രണയകാലങ്ങള്‍ .

യാത്രാമൊഴികള്‍

രജൂലക്ക് വിരലുകളില്‍ ഉമ്മകൊടുത്ത്
സൈക്കിളില്‍ പടിയിറങ്ങി മമ്മദ് ഉറക്കെ വിളിച്ചു;
"അയല കൂയ്".

അപ്പുമാഷിന്റെ ചോറ്റുപാത്രത്തില്‍ പ്രണയം നിറച്ച്
കൌസു ചേച്ചി വാതില്‍ക്കല്‍ നിന്നു.
പടിയിറങ്ങുമ്പോള്‍ മാഷൊന്നു തിരിഞ്ഞുനോക്കി.

ഓട്ടോ ഡ്രൈവര്‍ കുമാരന്‍ ഉച്ചയൂണിനു വീടെത്തിയപ്പോള്‍ ഒരുമണം.
"നത്തോളിയെവിടുന്നാ പാറൂ?"
"ആകാശത്ത്തീന്നു" പാറൂന്റെ കിളിക്കൊഞ്ചല്‍,
"കൊതിയനുവേണ്ടി വാങ്ങിയതാ.

പാതിരാക്ക്‌ പടികള്കയറി മുറിതുറന്ന രഘുവിന്
വോയ്സ് മെയിലില്‍ ഒരു കളമൊഴി;
"മടുത്തു തിരിച്ചുവരില്ല ഞാന്‍
നിന്റെ ഈഗോ ചുമരുകള്‍ക്കുള്ളിലെ ഹൃദയം തൊട്ടറിയാന്‍,
വിട".

Tuesday, July 6, 2010

മണ്ണൊലിച്ചുപോയ മയ്യഴി


'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ" കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും
നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം. വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളും പുതുപ്പിറവികളും രക്തത്തില്‍ ചാലിച്ച് യുവ ഞരമ്പുകളിലേക്കാവാഹിച്ച എം.മുകുന്ദന്‍ അന്നെഴുതിയത് വെറും നോവലായിരുന്നില്ല, കണ്ണൂരിന്റെ ചരിത്രത്തില്‍ കാണുന്ന ഫ്രഞ്ചുകാരും കാണാത്ത മനുഷ്യരും ഒരുമിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു. ദാസനും പപ്പനും കുഞ്ഞനന്തന്‍ മാഷും പറഞ്ഞത് ഒരു നാടിന്റെ സ്വാതന്ത്യത്തെക്കുറിച്ച് മാത്രം. കമ്മ്യൂണിസം എന്ന ഹ്യൂമാനിസത്തെക്കുറിച്ച് കാണാന്‍ നമ്മളില്ലെങ്കിലും നാട്ടില്‍ സമാധാനം വരണം, സ്വാതന്ത്യം
കിട്ടണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച മനുഷ്യസ്നേഹത്തിന്റെ ഇതിഹാസമായിരുന്നു അത്.
mayyazhi.jpg
ഒരു പുതുയുവത്വത്തിന്റെ തിരിച്ചുവരവിനായിരുന്നു മുകുന്ദന്‍ പറഞ്ഞ കമ്മ്യൂണിസം. എല്ലാ വേദനകളില്‍ നിന്നും മോചനം തരുന്ന വേദ ഗ്രന്ഥമായിരുന്നു കമ്മ്യൂണിസ്‌റ്‌ മാനിഫെസ്‌റോ. വിശപ്പും ദാഹവും മാത്രമല്ല കാമവികാരത്തെപ്പോലും ശമിപ്പിക്കാന്‍ ശേഷിയുള്ള പുസ്‌തകം. 'ലോക തൊഴിലാളികളേ സംഘടിക്കൂ, നഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക്‌ കൈവിലങ്ങുകള്‍ മാത്രം' ; മാനിഫെസ്‌റോയിലെ ഈ അവസാന വാചകം ആദ്യമായി വായിച്ചപ്പോള്‍ തനിക്ക്‌ സ്‌ഖലനം സംഭവിക്കുന്നു എന്ന്‌ തോന്നിയ പപ്പന്‍. ഒരു പ്രത്യയശാസ്‌ത്രത്തെ ഇത്രയും ആത്മാര്‍ത്ഥമായി ഉള്ളിലേക്കാവാഹിച്ച പപ്പന്‍മാരുടെ മയ്യഴി. അങ്ങനെ ഒരു മയ്യഴി ഉണ്ടായിരുന്നു എന്ന്‌ സ്വപ്‌നം കാണാന്‍ കഴിയാത്ത, സത്യത്തിന്‌ ഷണ്ഡത്വം ബാധിച്ച ഒരു കാലത്ത്‌, ദാസന്റെയും പപ്പന്റെയും നാട്ടില്‍ കമ്മ്യൂണിസം തിരഞ്ഞ്‌ തളര്‍ന്നില്ലെങ്കിലേ അതിശയമുള്ളൂ.

തിരഞ്ഞ്‌, തിരിച്ചു പോകുന്നതിനു മുമ്പ്‌ ചില നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം. മനുഷ്യന്റെ ഒരു തുള്ളി ചോരക്ക്‌ ഒരു കിരീടത്തിനേക്കാള്‍ വിലയുണ്ടെന്ന്‌ പറഞ്ഞ പപ്പന്റെ ഹ്യൂമാനിസത്തില്‍ നിലവിളികള്‍ക്ക്‌ സ്ഥാനമില്ല. കൊമ്മിസാറെ കുത്തിക്കൊന്ന്‌ നാടുവിടുമ്പോള്‍ പപ്പന്‍ ആക്രോശിച്ചിരുന്നില്ല. അതൊരു നാടിനുവേണ്ടി, ജനതക്കുവേണ്ടിയായിരുന്നു. നമ്മള്‍ കേള്‍ക്കുന്ന നിലവിളി കണ്ണൂര്‍ മൊകേരി ഈസ്‌റ്‌ യു.പി സ്‌കൂളില്‍ നിന്നാണ്‌. നേരം രാവിലെ 10.40. ആറാം ക്‌ളാസ്സ്‌. പതിനൊന്നും പന്ത്രണ്ടും വയസ്സു വരുന്ന കുട്ടികള്‍ക്കു മുമ്പില്‍ തങ്ങളുടെ സര്‍വ്വ വിജ്ഞാനിയായ മാഷ്‌ നില്‍ക്കുന്നു. ഇടിത്തീപോലെ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുന്ന നല്ലനടത്തിപ്പുകാര്‍ ചാടിവീഴുന്നു. പ്രതികള്‍ 2,3,6 ക്രമത്തില്‍ കിഴക്കുനിന്നും, 1,4,7 ക്രമത്തില്‍ പടിഞ്ഞാറു നിന്നും തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന അദ്ധ്യാപകനെ വെട്ടിയും, അടിച്ചും നിലവിളികള്‍ തൊണ്ടയിലടച്ച ചില നിമിഷങ്ങള്‍ സമ്മാനിക്കുന്നു. ഇതാണോ ദാസന്റെ കമ്മ്യൂണിസം എന്ന ഹ്യൂമാനിസം ? പപ്പന്റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള രക്തച്ചൊരിച്ചില്‍ ഇതാണോ ? അല്ല, ഇത്‌ കണ്ണൂരിന്റെ ശക്തി തെളിയിക്കല്‍ രാഷ്ട്രീയം... അപ്പോള്‍ മയ്യഴിയോ? മയ്യഴിയുടെ വളക്കൂറുള്ള മണ്ണ്‌ ഒലിച്ചുപോയി. സ്‌നേഹത്തിന്റെയും സമത്വത്തിന്റേയും വിത്തിനി മയ്യഴിയില്‍ മുളക്കില്ല. ചെവിയോര്‍ക്കൂ... ഇനിയും കേള്‍ക്കാം. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ബഹളമല്ല. ഒരു പച്ച മനുഷ്യനെ ക്‌ളാസ്സ്‌ മുറിയിലിട്ട്‌ വെട്ടി നുറുക്കിയ ധീര യോദ്ധാക്കളെ വെറുതെവിട്ടതിന്റെ ആഹ്‌ളാദ പ്രകടനം. ഒരു പ്രത്യയശാസ്ത്രം മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രമായി പരിണമിക്കുമ്പോഴുണ്ടാകുന്ന കലാപങ്ങളാണിതൊക്കെ.

mukundan2.jpg
വിരോധാഭാസത്തിന്റെ മുദ്രാവാക്യത്തില്‍ മുതലാളിമാര്‍ ഭയന്നിരുന്ന ഒരു മാര്‍ക്‌സിയന്‍ ഭൂതം കുപ്പിയിലാക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുകള്‍ കേള്‍ക്കാം നമുക്ക്‌. കേരളം 'ഞങ്ങള്‍ മാത്രം വിവരമുള്ളവര്‍' ഭരിക്കുന്ന നാട്‌ എന്ന അഹങ്കാരത്തിന്റെ വെളിപ്പെടുത്തല്‍ 'ലോക തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന്‌ വായിച്ച്‌ സ്‌ഖലനം സംഭവിക്കണമെങ്കില്‍ വിവരമുള്ള ഞങ്ങള്‍ സ്വയംഭോഗം ചെയ്യണം എന്ന വെളിപ്പെടുത്തല്‍.
ഒരു കൊളോണിയന്‍ സംസ്‌കാരത്തില്‍ മുകുന്ദന്റെ കുറുമ്പിയമ്മക്ക്‌ ആത്മവിശ്വാസമുണ്ടായിരുന്നു. വെള്ളക്കാര്‍ കൊല്ലില്ല ബോംബിടില്ല എന്നൊക്കെ. അത്‌ അധിനിവേശത്തിന്റെ ഉള്‍പ്പൊരുളറിയാത്ത കുറുമ്പിയമ്മക്ക്‌ വെള്ളക്കാരിലെ മനുഷ്യന്‍മാരുമായുണ്ടായിരുന്ന ആത്മ ബന്ധമായിരുന്നു. അവരോട്‌ സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ടിരുന്ന കമ്മ്യൂണിസ്‌റ്‌കാരോട്‌ നീരസമുണ്ടായിരുന്നു അവര്‍ക്ക്‌. നാട്ടിന്‍പുറത്തുകാരിയുടെ ഈ നിഷ്‌ക്കളങ്കതയെയാണ്‌ സാമ്രാജ്യത്വശക്തികള്‍ ചൂഷണം ചെയ്‌തുപോന്നിരുന്നത്‌. അതില്‍ ചിന്തിക്കുന്ന യുവാക്കള്‍ വേറിട്ട്‌ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചപ്പോഴാണ്‌ വിപ്‌ളവമുണ്ടായത്‌; വെള്ളക്കാര്‍ക്കെതിരെ, ഭൂ പ്രഭുക്കന്‍മാര്‍ക്കെതിരെ, മേലാള ഭരണകര്‍ത്താക്കള്‍ക്കെതിരെ ,കമ്യൂണിസം ഒരു മതമാവുകയായിരുന്നു. ചുഷിതരും മര്‍ദ്ദിതരും തങ്ങള്‍ക്കുവേണ്ടി പൊരുതാനും വാദിക്കാനും ആരൊക്കയോ ഉണ്ടെന്ന്‌ അഹങ്കരിച്ചിരുന്ന കാലം ആ വസന്തത്തില്‍ നിന്ന്‌ കേരളത്തലെ അടിസ്ഥാന വര്‍ഗ്ഗം തൊട്ടുകൂടായ്‌മയുടെ ഗ്രീഷ്‌മത്തിലേക്ക്‌ നടന്നു കൊണ്ടിരിക്കുന്നു. മതങ്ങള്‍ പ്രത്യയശാസ്‌ത്രങ്ങളെ ശാസിക്കുന്നു. വരുതിയിലാക്കുന്നു. നിശബ്ദമാക്കുന്നു. വെള്ളത്തിനുവേണ്ടി സമരം ചെയ്യുമെന്ന്‌ കരുതിയവര്‍ വെള്ളം കൊണ്ട്‌ കളിസ്ഥലമുണ്ടാക്കുന്നു. ഒരു സമൂഹത്തെ അസമത്വങ്ങളില്ലാതെ കൊണ്ടു നടക്കേണ്ടവര്‍ കച്ചവടത്തിന്റെ പുതിയ മേഖലകള്‍ തേടിപ്പോകുന്നു.


പപ്പന്‍മാര്‍ കൊലപാതകികളായത്‌ ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിനായിരുന്നു. ഭഗത്‌ സിങ്ങും രാജ്‌ ഗുരുവുമൊക്കെ രക്തസാക്ഷികളായത്‌ ചൂഷണത്തനെതിരെ പടപൊരുത്തിക്കൊണ്ടായിരുന്നു. ഒരു നാടിനുവോണ്ടി കൊലപാതകികളായ കമ്മ്യൂണിസ്‌റുകാര്‍. ഇന്നത്തെ കൊല്ലും കൊലയും പാര്‍ട്ടിക്കുവേണ്ടി മാത്രം. ശക്തി തെളിയിക്കുന്നതിനു വേണ്ടി അരാജകത്വം അഴിച്ചുവിടുന്ന ക്വട്ടേഷന്‍ ഗുണ്ടകള്‍ വിലസുന്നു, മാഫിയകള്‍ വിലസുന്നു, തീവ്രവാദികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും തീവ്രവാദത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. അതെല്ലാം ആരുടേയോ പ്രശ്‌നങ്ങള്‍ ആണെന്ന ഭാവത്തില്‍ ഒരു കമ്മ്യൂണിസ്‌റ്‌ ഭരണകൂടം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആര്‍ക്ക വേണ്ടി ? ഞങ്ങള്‍ക്കു വേണ്ടി; പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കും വേണ്ടി ഒരു സ്ഥാപനം. ദാമു റൈറ്റര്‍മാര്‍ ചോരയും നീരും കൊടുത്ത്‌ കുഞ്ഞനന്തന്‍മാര്‍ ആത്മധൈര്യവും, വിവേകവും, ദീര്‍ഘ വീക്ഷണവും കൊടുത്ത്‌ വളര്‍ത്തിയ; ഒരു നാടിന്റെ സ്വാതന്ത്യ്രത്തിനും, സമാധാനത്തിനും, പുരോഗതിക്കും വേണ്ടി മാത്രം ശ്വാസം വലിച്ചിരുന്ന ദാസന്‍മാരും പപ്പന്‍മാരും വെള്ളിയാങ്കല്ലിലേക്ക്‌ പറന്നിരിക്കുന്നു. പകരം പഴയ ഗ്വിറ്റാറില്‍ വിപ്‌ളവഗാനസ്‌മരണകള്‍ ആലപിച്ച്‌ ദാര്‍ഷ്ട്യത്തിന്റെ ഇരുട്ടുമുറിയില്‍ ഷണ്ഡനായ ഗസ്‌തേനെപ്പോലെ പാര്‍ട്ടിക്കു വേണ്ടി മാത്രം ഒരു പാര്‍ട്ടി ജനങ്ങള്‍ക്ക്‌്‌്‌ മുഖം കൊടുക്കാതെ ജീവിക്കുന്നു.


വര്‍ഗ്ഗ ശത്രുക്കളില്ലാത്ത, പ്രഭുക്കന്‍മാരില്ലാത്ത കേരളത്തില്‍, സാമ്പത്തികാസമത്വവും ആള്‍ ദൈവങ്ങളും ഈഴവനും നായരും സഭയും വിശുദ്ധയോദ്ധാക്കളും അരങ്ങു തകര്‍ക്കുന്ന 'വിവരമുള്ള ഞങ്ങള്‍' ഭരിക്കുന്ന കേരളത്തില്‍ വികസനം വരും, ഒരുമ വരും, സമത്വം വരും എന്നൊക്കെ ആശിച്ച്‌ മരിച്ച ദാസന്‍മാരെ, പപ്പന്‍മാരെ, കുഞ്ഞനന്തന്‍മാരെ വെള്ളിയാങ്കല്ലിനു മുകലില്‍ ഒരപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുന്ന നിങ്ങള്‍ കാത്തിരിക്കുവിന്‍, ഉടന്‍ തന്നെ നിങ്ങള്‍ ഒരു തെറ്റു തിരുത്തല്‍ രേഖ ചമക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ചോര കൊടുത്ത്‌ പണിതുവളര്‍ത്തിയ പ്രസ്ഥാനം നിങ്ങള്‍ക്കൊപ്പം വെള്ളിയാങ്കല്ലിനു മുകളിലൂടെ സീറോ ഗ്രാവിറ്റിയില്‍ പാറിപ്പറക്കുമ്പോള്‍ ആര്‍ക്കാണ്‌ തെറ്റിയതെന്ന്‌ കണ്ടുപിടിച്ച്‌ മൂപ്പന്‍ സായ്‌പിന്റെ ബംഗ്‌ളാവിന്‌ പുറത്ത്‌ ജനങ്ങള്‍ വായിക്കാന്‍ പാകത്തില്‍ ഒരു തെറ്റു തിരുത്തല്‍ രേഖ പരസ്യപ്പെടുത്തുവാന്‍ സമയമായിരിക്കുന്നു.

നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍......

Published in nattupacha online magazine.


Friday, June 25, 2010

'ഴ'

അഴകേ
വാക്കുകളില്ല പറയാന്‍
നീ നടന്നകന്ന കാലം മുതല്‍ .

കുംബാരന്റെ കുഴയിലൊരു
വഴുവഴുപ്പില്ലായ്മ
കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി
കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ.

മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ
കാതിലൊരു മുഴക്കമാണ്‌ എപ്പോഴും.
കാഴ്ചയിലും എന്തോ മിഴിഭ്രംശം

പ്രണയമൊഴുകിയ വഴികളില്‍
കൊഴിഞ്ഞ ഒരു പീലിപോലുമില്ല.

പാഴ്ചെടികള്‍ പറമ്പില്‍ക്കയറി
ആഴ്ചകള്‍ കഴിഞ്ഞു
പോഴന്‍ കുമാരന്‍ തിരിഞ്ഞു നോക്കുന്നില്ല
ഷാപ്പില്‍ കഴിപ്പും കിടപ്പും; കഴുവേറി.

കുഴപ്പം പിടിച്ച കണക്കുകള്‍ ചെയ്തെന്റെ
മകന്‍ തളര്‍ന്നുറങ്ങുമ്പോള്‍
തകഴിയെ സ്വപ്നത്തില്‍ കണ്ടത്രെ
അഴകിന്റെ ചിരിയാണ് പോലും
കയറിന്റെ പിരിപോലുള്ള
ഇഴപിരിയാത്ത ചിരി

മഴ വരുമോ അമ്മേ?
പുഴയില്‍ തുണിയലക്കാന്‍ പോകാം?