Posts

Showing posts from 2013

അമ്മയെ വരയ്ക്കുമ്പോള്‍

വരയ്ക്കാം നിറങ്ങളും കൊടുക്കാം; രാത്രിയിലെ നക്ഷത്രങ്ങള്‍ അലിഞ്ഞില്ലാതായ  പകലിന്റെയകാശം. മേഘങ്ങള്‍ ചോര്‍ന്നൊലിച്ചു  കണ്ണിലൂടെ, നെഞ്ചിലൂടെ, ഇലകളിലൂടെയോഴുകി മണ്ണിന്റെ മൌനത്തിലെക്കൂര്‍ന്നുപോയ മഴയും വരയ്ക്കാം. ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെയും പേരു മഴയത്ത് തനിച്ചായിപ്പോയ പൂച്ചക്കുഞ്ഞിനെയും പമ്പുപോലൊരു തീവണ്ടിയ്യും പറന്നു പറന്നു മാഞ്ഞുപോകുന്ന  വിമാനവും വരയ്ക്കാം. വീടും വീട്ടിലേക്കുള്ള വഴിയും തുറന്നിട്ട ജനാലകളും  കാട്ടിലെ പച്ചയും വരയ്ക്കാം. മുക്കുവന്റെ കടലുപ്പ്‌ വിയര്‍പ്പും, മുട്ടുകാലിന്‍ മുറിവില്‍ തലോടും സുഖവും, കഞ്ഞിതിളയ്ക്കുംവരെ പ്രാണനൂതി കനലാക്കിയ ശ്വാസവും വരയ്ക്കാനകുമോ? അമ്മയെ വരയ്ക്കാനകുമോ?

മഴച്ചിത്രങ്ങൾ

നീ തന്ന മഴയിൽ നിന്നൊരു തുള്ളി  വെയിലിൽ നിന്നൊരു മഴവിൽ  രാത്രിയിൽ നിന്നൊരു മിന്നാമിന്നി വെട്ടം  വിരൽസ്പർശത്തിൽ നിന്നൊരു നഷ്ടകാലം  കൂടെയിരുന്ന യാത്രകളിൽ നിന്നൊരു പുറം കാഴ്ച  എടൊ എന്ന വിളികളിൽ ഉടക്കിയ തിരിഞ്ഞുനോട്ടം  വിടപറച്ചിലുകൾ കാത്തുവച്ച കണ്ടുമുട്ടൽ ചുണ്ടുകൾ വരച്ച മുഖചിത്രങ്ങൾ  ഉമിനീരിൽ ചാലിച്ച കടലുപ്പ്‌ തിരകൾ കുപ്പായത്തിൽ തുന്നിയ നീലവര  ഇങ്ങനെയെത്ര നഷ്ടങ്ങൾ ചുമക്കണം  പുതിയ കാലം ചമയ്ക്കാൻ....