മനുഷ്യർ വാഴും ഇടങ്ങൾ

എത്ര തവണ പോയതാ വയനാട് ..
ബസ്സില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍
തനിച്ചിരിക്കുമ്പോള്‍ പിന്നേം ഓര്‍ത്തു
എന്തിനാ ഈ യാത്ര, എത്ര തവണ പോയതാ
ഒരു യാത്രയും ആവര്‍ത്തനമല്ല
ജീവിതപ്പച്ച നിറച്ച കാടാണ് യാത്ര;
കണ്ടതില്‍ കാണാത്ത ഇടങ്ങളിലേക്ക്
പരിചിതമല്ലാത്ത സൂക്ഷ്മ ദു:ഖങ്ങളിലേക്ക്
പിന്നൊരിക്കലും കാണാത്ത മനുഷ്യരിലേക്ക്.
തനൂജ;
ഒരു ബസ് യാത്രയുടെ കയറ്റിറക്കങ്ങളില്‍
ചിരികള്‍ തന്നവന്‍/വള്‍
തനൂജ, ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുഞ്ചിരി.
നിന്‍റെ പാട്ടുകള്‍;
പുരുഷന്‍റെ പൌരുഷമോ
സ്ത്രീയുടെ സ്ത്രൈണതയോ ഇല്ലാത്ത
ശുദ്ധ സംഗീതം
നീ ലിംഗം കൊണ്ട് മുറിവേറ്റവള്‍/വന്‍
ആണിന്‍റെയും പെണ്ണിന്റെയും
ശരിതെറ്റുകള്‍ക്കിടയില്‍
ശരിയും തെറ്റുമാകാതെ പോയവള്‍/വന്‍
തനൂജ
ശൃംഗാരത്തില്‍ ഭയം ഒളിപ്പിച്ച
ശാന്തതയാണ് നീ.
നീയൊന്നു ചേര്‍ന്നിരുന്നാല്‍
രതിയുടെ പക്ഷികള്‍
ചക്രവാള സീമകള്‍ താണ്ടി പറക്കും.
തനൂജ
നിന്‍റെ ഇടങ്ങള്‍ ഏതൊക്കെയാണ്?
ഏതൊരു അപേക്ഷ ഫോറത്തിലും
മൂത്രപ്പുരയിലും
ടിക്കറ്റ് കൌണ്ടറിലും
ബസ്സിലും നിനക്കിടമില്ല.
നിന്നെ ചേര്‍ത്തുപിടിച്ചു നടക്കാനും
കൂട്ടുകൂടാനുമൊക്കെ ഇടങ്ങള്‍ വേണം
നിനക്കും വേണം ദിനങ്ങള്‍;
കലണ്ടറില്‍ കാണാത്ത
കറുപ്പോ ചുവപ്പോ അല്ലാത്ത ദിനങ്ങള്‍.
തനൂജ,
നീ തന്നെ ഒരു ദിനമാകണം
കറുത്തതല്ലാത്ത ഒരു ദിനം.

Comments

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

സാമൂഹ്യപാഠം