‘യു മാരി മൈ മദര്‍’


മാലദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടാല്‍ തോന്നും നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപ് അല്ലെങ്കില്‍ രാജ്യം. കാര്യം ശരിയാണെങ്കിലും ഈ രാജ്യത്തിന് ഭൂമിശാസ്ത്രപരമായി ഒരു പാട് പ്രത്യേകതകളുണ്ട്. ഇന്ത്യയ്ക്ക് തെക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് സമൂഹത്തിന് തൊട്ടുതാഴെ ഒരു മാലപോലെ സ്ഥിതിചെയ്യുന്ന ആയിരത്തി തൊള്ളായിരത്തില്‍ പരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ചെറുരാജ്യം. ഇതില്‍ വെറും ഇരുനൂറ് ദ്വീപുകളിലേ ആള്‍ത്താമസമുള്ളുവെങ്കിലും മറ്റ് പലദ്വീപുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ്. ടൂറിസവും മീന്‍പിടുത്തവും മുഖ്യവരുമാനമാര്‍ഗ്ഗവുമായുള്ള, പവിഴപുറ്റുകള്‍ വളര്‍ന്നുണ്ടായ രാജ്യമാണ് നാം ‘മാലി’ എന്ന് വിളിക്കുന്ന മാലദ്വീപ്. മൊബൈല്‍ ഫോണ്‍ നിലവില്‍ വരുന്നതിനു മുമ്പ് വരെ അയല്‍ദ്വീപുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ ഓരോ ദ്വീപിലും ജനങ്ങള്‍ മീന്‍പിടിച്ചും മറ്റും ഒറ്റപ്പെട്ട് ജീവിതം നയിച്ചുപോന്നു.

ഈ ചെറുരാജ്യത്ത് ആയിരക്കണക്കിന് വരുന്ന മറുനാട്ടുകാരായ അധ്യാപകരിലൊരുവനാണ് ഞാന്‍. ഭരണയന്ത്രവും മറിയം റഷീദയുമടങ്ങുന്ന മാലി ('Male') തലസ്ഥാനത്തിനു വെറും 1.8 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ്. മാലിയില്‍ കാലുകുത്തിയപ്പോള്‍ ഏതോ വികസിത രാജ്യത്ത് എത്തിപ്പെട്ട പ്രതീതി. സിമന്റിട്ട റോഡുകള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങള്‍ അങ്ങനെ പലതും. മാലിയിലെ ചില അധ്യാപക സുഹൃത്തുക്കള്‍ പറഞ്ഞാണറിഞ്ഞത്; ഞാന്‍ പോകേണ്ട ദ്വീപിലേക്ക് 12 മണിക്കൂര്‍ ബോട്ടുയാത്ര, കുട്ടികള്‍ ക്ലാസില്‍ നൃത്തം ചെയ്യും, അടിക്കരുത് പ്രശ്നമാകും. ആദ്യദിവസം തന്നെ നൃത്തവും ടെലഫോണ്‍ സംഗീതവും കൊണ്ട് അവരെന്നെ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. ഏഴാം ക്ലാസിലെ ആദ്യ ദിവസം, പെരുമഴയത്ത് തനിച്ചായിപ്പോയ ഒരു കുട്ടിയെപ്പോലെ ഞാന്‍ നിന്നു

“നിങ്ങള്‍ ഇന്ത്യാക്കാരനാണോ? പേരെന്ത്?”
“നിങ്ങളുടെ ദ്വീപിന്റെ പേരെന്ത്?”
“ഗേള്‍ഫ്രണ്ട് ഉണ്ടോ?” തുടങ്ങി ചോദ്യങ്ങളുടെ പ്രവാഹം.

“സര്‍ വിവാഹിതനാണോ?” മറ്റൊരു കുട്ടിച്ചാത്തന്റെ സംശയം!
“അല്ലെങ്കില്‍ യു മാരി മൈ മദര്‍” ഞാന്‍ ശബ്ദമുയര്‍ത്തി, ക്ലാസ് നിശബ്ദം.
“അല്ലെങ്കില്‍ വേണ്ട സര്‍, യു മാരി മൈ സിസ്റ്റര്‍, ഷി ഈസ് ബ്യൂട്ടിഫുള്‍“.

ഇരുപതു ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ എനിക്ക് കാര്യം മനസ്സിലായി; പ്രശ്നം ഞാനാണ്. ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ചരിത്ര സാംസ്ക്കാരിക സമ്പത്തുമുള്ള ഇന്ത്യക്കാരനും, എന്റെ അമ്മയെ, അല്ലെങ്കില്‍ സഹോദരിയെ കെട്ടിക്കോ എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പറയുന്ന, നാഗരികതയുടെ ശൈശവം പേറുന്ന ഒരു മാലദ്വീപ് കുട്ടിയും തമ്മിലുള്ള ‘conflict'. വരാന്തയിലൂടെ പോകുന്ന തിരുച്ചിറപ്പള്ളിക്കാരി അധ്യാപിക സുഗന്ധിയെ നോക്കി “യു സെക്സി സുഗന്ധി കമോണ്‍, കിസ് മി” എന്ന് ഉറക്കെപ്പറയുന്ന എട്ടാം ക്ലാസുകാരനും, വസ്ത്രവിടവിലൂടെ സ്ത്രീശരീരം കണ്ടാല്‍ നിശബ്ദനാകുന്ന ഇന്ത്യക്കാരനും തമ്മിലുള്ള തീര്‍ത്താല്‍ തീരാത്ത വിടവിന്റെ ഇടച്ചില്‍.

സ്കൂള്‍ വിദ്യാഭ്യാസകാലത്തെ പ്രണയങ്ങളിലൂടെയാണ് ഇവര്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത്. വിവാഹങ്ങള്‍ സ്വര്‍ഗത്തിലല്ല, കോടതിയില്‍ വച്ച് നടത്തുന്നു. കുറ്റകൃത്യങ്ങള്‍ കുറവായതിനാല്‍ കോടതികള്‍ വിവാഹം നടത്തിപ്പും, മോചനവും മറ്റുമൊക്കെയായി നടന്നു പോകുന്നു. വക്കീലന്മാരില്ലാത്ത ദ്വീപു കോടതികളില്‍ ആകെയുള്ള ഒരു മജിസ്ട്രേറ്റും ഒന്നോ രണ്ടോ ഓഫീസ് ജീവനക്കാരും. വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയും പുരുഷനും കോടതിയില്‍ പോയി 100 റുഫിയ കൊടുത്ത് രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ വിവാഹിതരായി. നാട്ടുകാര്‍ക്ക് കൊടുക്കുന്ന ഒരു ചായ സല്‍ക്കാരത്തില്‍ തീരുന്നു കാര്യങ്ങള്‍. അതും അടുത്ത കാലത്തുണ്ടായ മാറ്റമാണ്. ഇരുനൂറ് മുതല്‍ ആയിരം വരെയാണ് ദ്വീപുകളിലെ ജനസംഖ്യ. തലസ്ഥാനത്തും മറ്റ് ചിലദ്വീപുകളിലും മാത്രം ജനസംഖ്യ താങ്ങാവുന്നതിലും അധികം. ആളുകള്‍ കുറവായതിനാല്‍ ഏഴാം ക്ലാസ് മുതല്‍ ഇവര്‍ ഇണകളെ തിരഞ്ഞെടുക്കുന്നു. ക്ലാസുകളില്‍ boy/girl friends അരങ്ങു തകര്‍ക്കുന്നു. മകളുടെ കാമുകന് മിണ്ടാനും പറയാനും മാതാപിതാക്കള്‍ സൌകര്യമൊരുക്കുന്നു. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ഇവരുടെ പ്രണയങ്ങള്‍ നമ്മുടേത് പോലെ വേദനാജനകമല്ല. നായരെ പ്രണയിച്ച ഈഴവന്റെ നീറ്റലിനു പകരം പ്രണയകാലം ഒരാഘോഷമാക്കുന്നവരാണ് മാലദ്വീപുകാര്‍. പത്താം ക്ലാസിലെ കാമുകന്‍ ഫയാസ് കഴിഞ്ഞമാസം 40 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചു എന്ന് പറയുമ്പോള്‍ എട്ടാം ക്ലാസ്സുകാരി തസ്ലീമയുടെ മുഖത്ത് പുഞ്ചിരി. സാമൂഹികാസമത്വങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രേമനൈരാശ്യങ്ങള്‍ കുറവ്.

ഇന്നാട്ടുകാര്‍ ഇങ്ങനെയാണ്; ചന്തിയ്ക്കടിക്കും, നാടുകടത്തും, ചിലപ്പോള്‍ വീട്ടു തടങ്കല്‍ വിധിയ്ക്കും. അയ്യായിരം വര്‍ഷത്തെ സാംസ്കാരിക പൈതൃകം അവകാശപ്പെടാനില്ലാത്ത ഇവര്‍ നാളെയുടെ കടലും മീന്‍‌കുഞ്ഞുങ്ങളും നമുക്ക് തന്നെയാണ് എന്ന തിരിച്ചറിവോടെ ചൂണ്ടകൊണ്ട് മീന്‍പിടിക്കുന്നു, കച്ചവടം ചെയ്യുന്നു, സ്വന്തം നാടുകാണാനെത്തുന്ന വിദേശികളെ സ്നേഹത്തോടെ സ്വീകരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും ശരാശരി ഒരു മീറ്റര്‍ മാത്രം ഉയര്‍മുള്ള ദ്വീപുകള്‍ ആഗോളതാപനഫലമായി ഒരു നൂറ്റാണ്ടുകൂടി സൂര്യനെകാണുമോ എന്ന ആശങ്കയോടെ ജീവിതം ആടി തീര്‍ക്കുന്നു.

published in nattupacha online magazine (www.nattupacha.com)

Comments

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം